വളച്ചൊടിക്കപ്പെട്ട ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരം: ഗവര്‍ണര്‍
തിരുവനന്തപുരം: തലമുറകളെ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പണ്ഡിത ആദരം 2018' പരിപാടിയില്‍ ചരിത്രകാരന്‍മാരായ പ്രൊഫ. ടി.കെ രവീന്ദ്രന്‍, പ്രൊഫ. എം.ജി.എസ് നാരായണന്‍, പ്രൊഫ. കെ.എന്‍ പണിക്കര്‍ എന്നിവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വിദ്യാര്‍ഥികളും സ്‌കൂള്‍തലത്തിലുള്ള ചരിത്രപഠനത്തിനുശേഷം ബാക്കിയുള്ള കാലം അധികാര താല്‍പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം വളച്ചൊടിക്കുന്നവരുടെ വ്യാഖ്യാനങ്ങള്‍ മനസിലാക്കി ജീവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ, അധ്യാപകര്‍ക്ക് ചരിത്രപഠനത്തിനുള്ള ശരിയായ ദിശാബോധം നല്‍കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രൊഫ. എം.ജി.എസ് നാരായണന്‍, പ്രൊഫ. കെ.എന്‍ പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ഉപഹാരം നല്‍കി ആദരിച്ചു. പ്രൊഫ. ടി.കെ രവീന്ദ്രനുവേണ്ടി മകന്‍ രാജീവ് ആദരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി. പ്രൊഫ. സുരേഷ് ജ്ഞാനേശ്വരന്‍, പ്രൊഫ. കേശവന്‍ വെളുത്താട്ട്, പ്രൊഫ. കെ.എന്‍ ഗണേശ് എന്നിവര്‍ ആദരപത്രം വായിച്ചു.
കെ. മുരളീധരന്‍ എം.എല്‍.എ, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.കെ മൈക്കിള്‍ തരകന്‍, ഡയറക്ടര്‍ ഹരിത വി. കുമാര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി മൂന്ന് ചരിത്രകാരന്‍മാരുടെ അക്കാദമിക് സംഭാവനകളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."