എല്ലാമായിരുന്ന പാര്‍ട്ടി ഓഫിസില്‍ മാണി സാറെത്തി; ഒന്നും കാണാതെ മടങ്ങി
കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ സാക്ഷിയായ ആ കെട്ടിടത്തില്‍ മാണി സാര്‍ ഒരിക്കല്‍കൂടി വന്നു. പുഞ്ചിരിതൂകി കൈയുയര്‍ത്തി അഭിവാദ്യം ചെയ്യാതെ കണ്ണടച്ച് മാണി സാര്‍ തന്റെ എല്ലാമെല്ലാമായ പാര്‍ട്ടി ഓഫിസില്‍ കിടന്നു.
ഭൗതികശരീരം ഇന്നലെ വൈകിട്ട് കോട്ടയം പാലാമ്പടം കവലയിലെ ഓഫിസില്‍ എത്തിച്ചപ്പോള്‍ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമായി നൂറുകണക്കിനാളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പാര്‍ട്ടിയുടെ സുപ്രധാനയോഗങ്ങള്‍ക്ക് വേദിയായ ഓഫിസ് പരിസരത്ത് ദുഃഖം തളംകെട്ടി. ആ വീടിന്റെ നാഥന്‍ ഇനി വരില്ല.
1975ലെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്ന് കെ.എം ജോര്‍ജിനും കെ.എം മാണിക്കും കോട്ടയം നഗരത്തിലുണ്ടായിരുന്ന ആസ്ഥാന കാര്യാലയം നഷ്ടമായിരുന്നു. അതുവരെ സ്‌കറിയാ തോമസിന്റെ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു പാര്‍ട്ടി ഓഫിസ്.
പാര്‍ട്ടി ഓഫിസിനായുള്ള അന്വേഷണം അവസാനിച്ചത് കോട്ടയത്തെ വ്യാപാരിയായിരുന്ന സ്വാമിയുടെ ഓഫിസും വീടും ആയിരുന്ന പാലാമ്പടം കവലയിലെ കെട്ടിടത്തെക്കുറിച്ച് അറിഞ്ഞതോടെയാണ്.
അന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം മാണി പിന്നെ വൈകിയില്ല. തന്റെ പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരം ഇനിയിതെന്ന് തീരുമാനിച്ച മാണി സ്വാമിയില്‍ നിന്ന് കെട്ടിടം വാങ്ങുകയായിരുന്നു.
1979ല്‍ കേരളാ കോണ്‍ഗ്രസ് (എം) രൂപംകൊണ്ട ശേഷം ഈ കെട്ടിടം പിന്നീട് കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന കമ്മിറ്റി, ഉന്നതാധികാര സമിതി യോഗങ്ങള്‍ എന്നിവ ചേരുന്നത് മുകളിലത്തെ നിലയിലായിരുന്നു. രോഗം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെ അടുത്തകാലത്തായി കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിച്ചെങ്കിലും മാണിക്ക് പ്രയോജനപ്പെട്ടില്ല. കെ.എം മാണിയില്ലാത്ത കേരളാ കോണ്‍ഗ്രസില്‍ ഇനിയുണ്ടാകാനിരിക്കുന്ന സംഭവവികാസങ്ങള്‍ക്കും ഈ കെട്ടിടം സാക്ഷിയാകും.
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി
പാലാ: കെ.എം മാണിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലായിലെ വസതിയിലെത്തി.
വൈകിട്ട് അഞ്ചോടെയാണ് മാണിയുടെ ആത്മമിത്രം കൂടിയായ ഉമ്മന്‍ചാണ്ടിയും കെ.സി ജോസഫ് എം.എല്‍.എയും പാലായിലെത്തിയത്.
കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയും പെണ്‍മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."