അവിട്ടത്തൂര്‍ റോഡില്‍ മാലിന്യം കുന്നുകൂടുന്നു; പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാത്തിരിക്കണോ?
തൊമ്മാന: കേരളത്തിലെ തന്നെ എറ്റവും നല്ല ശുദ്ധജലം ലഭിക്കുന്ന മുരിയാട് കായലിനോടു ചേര്‍ന്നു കിടക്കുന്ന തൊമ്മാന ചെങ്ങാറ്റുമുറി പ്രദേശം മാലിന്യ കുമ്പാരം കൊണ്ട് നിറയുകയാണ്. പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ അവിട്ടത്തൂര്‍ റോഡിലാണ് മാലിന്യം നിക്ഷേപം വര്‍ദ്ധിക്കുന്നത്. ഹോട്ടല്‍ മാലിന്യം , റെക്‌സിന്‍, ഇറച്ചി വേസ്റ്റ് , ഇലക്ട്രോണിക്‌സ് ,ഇലക്ടികല്‍ വേസറ്റ്, മെഡിക്കല്‍ മാലിന്യം, കൂടാതെ വീടുകളില്‍ നിന്നുള്ള നാപ്കിന്‍ തുടങ്ങി പ്ലാസ്റ്റിക് കുപ്പികള്‍, മദ്യകുപ്പികള്‍ എന്നിവ കൊണ്ട് നിറയുകയാണ് പ്രദേശം. നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരോടും മറ്റും പരാതി നല്‍കിയിട്ടും മാലിന്യമുക്ത കേരളത്തിന്നു വേണ്ടി ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ അധികാരികള്‍ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയുന്നില്ല എന്നാണ് പരാതി. ശരിയായ രീതിയില്‍ വഴിവിളക്കുകള്‍ പോലും ഇല്ലാത്തതാണു ഇവിടെ മാലിന്യം കൊണ്ടു തള്ളുന്നതിനു കാരണം എന്നാണു നാട്ടുകാര്‍ പറയുന്നത്. മഴ കാലത്ത് ഈ റോഡില്‍ വെള്ളം കയറുക പതിവാണ്. കഴിഞ്ഞ പ്രളയകാലത്ത് ഒഴുകി വന്ന മാലിന്യവും ഇപ്പോഴും ഇവിടെ അടിഞ്ഞുകൂടി കിടക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ചില സാമൂഹ്യ വിരുദ്ധര്‍ മാലിന്യം കത്തിയ്ക്കുകയും തുടര്‍ന്ന് തൊട്ടടുത്ത കൃഷിയിടത്തിലെ പമ്പ് സെറ്റ് ഉപയോഗിച്ച് നാട്ടുകാര്‍ തീയണയ്ക്കുകയാണ് ചെയ്തത്. അടുത്ത മഴക്കാലം വരുന്നതിനു മുന്‍പ് ഈ മാലിന്യം മുഴുവന്‍ നീക്കം ചെയ്തില്ലങ്കില്‍ വലിയ തോതില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണു നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."