താം ലുവാങ് മ്യൂസിയമാക്കുന്നു
ചിയാങ് റായ്: പതിനെട്ടുനാള്‍ ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ താം ലുവാങ് ഗുഹ മ്യൂസിയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടാഴ്ചയിലേറെ കുട്ടികള്‍ താമസിച്ച ഗുഹ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കു കൗതുകം പകരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തായ്ലന്ഡിലെ ഏറ്റവും വലിയ ഗുഹയാണ് ചിയാങ് റായി പ്രവിശ്യയിലെ താം ലുവാങ്. പത്ത് കിലോമീറ്ററാണ് ഇതിന്റെ നീളം.
അതിനിടെ, ഗുഹാ രക്ഷാപ്രവര്‍ത്തനം അഭ്രപാളികളിലെത്തിക്കാന്‍ രണ്ട് ഹോളിവുഡ് നിര്‍മാണ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ പ്രമുഖ സിനിമാ കമ്പനിയായ പ്യൂവര്‍ ഫ്ളിക്സ് നിര്‍മാതാക്കളെ പ്രഖ്യാപിച്ചതിനൊപ്പം രക്ഷാപ്രവര്‍ത്തകരുടെ വിശദമായ അഭിമുഖങ്ങള്‍ ഇതിനകം നടത്തുകയും ചെയ്തിട്ടുണ്ട്. ലോസ് ആഞ്ചല്‍സിലെ ഇവാനോ പിക്ചേഴ്സ് തായ് സര്‍ക്കാരിന്റെയും നാവികസേനയുടെയും സഹായത്തോടെ സിനിമയെടുക്കാനും നീക്കം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."