തളിപ്പറമ്പില്‍ റവന്യു ടവര്‍ മാണിയുടെ സ്വപ്‌നം
തളിപ്പറമ്പ് : കെ.എം മാണി വിടവാങ്ങിയത് തളിപ്പറമ്പില്‍ ഒരു റവന്യു ടവര്‍ എന്ന സ്വപ്നം ബാക്കിയാക്കി. 1996 കാലഘട്ടത്തില്‍ റവന്യുമന്ത്രിയായിരുന്ന കെ.എം മാണിയുടെ ഒരു സ്വപ്നമായിരുന്നു തളിപ്പറമ്പില്‍ റവന്യു ടവര്‍ സ്ഥാപിക്കുക എന്നത്. അന്നത്തെ എം.എല്‍.എ പാച്ചേനി കുഞ്ഞിരാമന്‍ കൂടി മുന്‍കൈയെടുത്തതോടെ റവന്യു ടവര്‍ സ്ഥാപിക്കാന്‍ തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പില്‍ സ്ഥലം കണ്ടെത്തുകയും 1996 മാര്‍ച്ച് 18ന് തറക്കല്ലിടാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിനായി പുറപ്പെട്ടെങ്കിലും തോമസ് ഉണ്ണിയാടന്‍ എം.എല്‍.എക്ക് വാഹനാപകടത്തില്‍ പരുക്കേറ്റ വിവരമറിഞ്ഞ് മാണി തളിപ്പറമ്പിലേക്കുള്ള യാത്ര ഒഴിവാക്കി തിരിച്ചു പോകുകയായിരുന്നു. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ലെങ്കിലും പകരം അന്നത്തെ ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ വി.ടി.സെബാസ്റ്റ്യനെ തറക്കല്ലിടാന്‍ പറഞ്ഞയക്കുകയായിരുന്നു.
കെ.എം.മാണിയുടെ പേര് രേഖപ്പെടുത്തിയ ശിലാഫലകം സെബാസ്റ്റ്യനാണ് അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ പാച്ചേനി കുഞ്ഞിരാമന്‍ അധ്യക്ഷനായി. എന്നാല്‍ തറക്കല്ലിട്ടതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
നിലവില്‍ തറക്കല്ലിട്ട ശിലാഫലകം തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. താലൂക്ക് ഓഫിസിനോടൊപ്പം തളിപ്പറമ്പ് പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് റവന്യു ടവര്‍ നിര്‍മിക്കാനുദ്ദേശിച്ചത്. എന്നാല്‍ ടവര്‍ വരുന്നതിനെതിരേ ഒരു വിഭാഗം രംഗത്തു വന്നതോടെയാണ് സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്നോട്ട് പോയത്. പിന്നീടാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ അനുമതിയായതും 2011ല്‍ മിനി സിവില്‍ സ്റ്റേഷന്‍ നിലവില്‍ വന്നതും.
രാഷ്ട്രീയ പ്രവേശന സമയം മുതല്‍ തളിപ്പറമ്പുമായി ഏറെ ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന മാണി അധികാരത്തിലിരുന്നപ്പോള്‍ തളിപ്പറമ്പിലേയും സമീപത്തേയും പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതായും അദ്ദേഹവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ച തളിപ്പറമ്പുകാര്‍ ഓര്‍മിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."