ഇന്‍ഡോ-ജര്‍മന്‍ സഹകരണത്തിന് ധാരണ
കണ്ണൂര്‍: ഹോമിയോപ്പതി മേഖലയിലെ ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയിലെയും ജര്‍മനിയിലെയും ഡോക്ടര്‍മാരുടെ സംഘടനകള്‍ തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഇന്ത്യയിലെ ഹോമിയോ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷനും (ഐ.എച്ച്.എം.എ) ഹോമിയോപ്പതിയുടെ ജന്മസ്ഥലമായ ജര്‍മനിയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്റര്‍നാഷണാലിസ് ഹാനിമാന്‍ സെന്‍ട്രവും തമ്മിലാണു ധാരണാപത്രം ഒപ്പുവച്ചത്. മാറി വരുന്ന സാഹചര്യത്തില്‍ രൂപം കൊള്ളുന്ന രോഗങ്ങള്‍, പ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ ഇരു സംഘടനകളും പങ്കാളികളായി ഗവേഷണം നടത്തും. ഐ.എച്ച്.എം.എയുടെ ആഭിമുഖ്യത്തില്‍ ഹോമിയോചികിത്സയുടെ പിതാവ് ഡോ. സാമുവല്‍ ഹാനിമാന്റെ കര്‍മ മണ്ഡലമായ ജര്‍മനിയിലെ ടോര്‍ഗോയില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഇരുസംഘടനകളും ധാരണാപത്രം ഒപ്പിട്ടത്.
ഇന്ത്യയിലെ ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന ആദ്യമായാണ് ജര്‍മനിയില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചത്. ഐ.എച്ച്.എം.എയുടെ രണ്ടാമതു രാജ്യാന്തര സെമിനാറാണു ജര്‍മനിയില്‍ നടന്നത്. സെമിനാറില്‍ ഹോമിയോപ്പതി ഗവേഷണചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഐ.എച്ച്.എം.എ സെക്രട്ടറി ജനറല്‍ ഡോ. അരുള്‍വാണന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്ന് 70 അംഗ സംഘ ഡോക്ടര്‍മാരാണു സെമിനാറില്‍ പങ്കെടുത്തത്.
ഡോ.ഹാനിമാന്റെ 264-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സെമിനാര്‍ നടത്തിയത്. 1796ല്‍ ഡോ. ഹാനിമാന്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഹോമിയോപ്പതിയുടെ ആധികാരിക ഗ്രന്ഥമായ ഓര്‍ഗനോണ്‍ വിവിധ ഭാഷകളില്‍ പുനഃപ്രസിദ്ധീകരണം നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുസംഘടനകളുടെയും ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു. ടോര്‍ഗോയിലുള്ള ഡോ. ഹാനിമാന്‍ മ്യൂസിയം സന്ദര്‍ശിച്ച ഐ.എച്ച്.എം.എ അംഗങ്ങള്‍ മ്യൂസിയം സംരക്ഷണം ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായ തുകയും സംഭാവന ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."