ലൈഫ്: വീട് നിര്‍മാണത്തിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ചു
വെമ്പായം: മാണിക്കല്‍ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പഞ്ചായത്തിലെ ഇരുപത്തൊന്ന് വാര്‍ഡുകളിലെ 221 ഗുണഭോക്താക്കള്‍ക്കാണ് തത്സമയം പെര്‍മിറ്റ് നല്‍കിയത്.
സാധാരണ രീതിയില്‍ മുപ്പത് ദിവസത്തോളം എടുക്കുന്ന പെര്‍മിറ്റ് നല്‍കല്‍, ലൈഫ് ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പദ്ധതി നിര്‍വഹണത്തില്‍ കാലതാമസമുണ്ടാകുമെന്നും കണ്ടാണ് പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം ഒരുമിച്ചിരുത്തി ആറ് കൌണ്ടറുകളിലൂടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി തത്സമയം പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള പ്രത്യേക മേള സംഘടിപ്പിച്ചത്. എല്ലാ ദിവസങ്ങളിലും രാവിലെ പത്തിന് ആരംഭിച്ച് രാത്രി എട്ടുവരെ നീണ്ട പ്രക്രിയയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരോടൊപ്പം ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സഹകരിച്ചതോടെ മേള വന്‍ വിജയമാക്കാന്‍ കഴിഞ്ഞു. ശരിയായ രേഖകളും അപേക്ഷയുമായി വന്ന ഗുണഭോക്താക്കള്‍ക്കെല്ലാം പെര്‍മിറ്റ് അനുവദിക്കുകയും നിര്‍വഹണോദ്യോഗസ്ഥനുമായി കരാര്‍ വയ്ക്കുകയും ചെയ്യാന്‍ കഴിഞ്ഞതോടെ ഇവര്‍ക്കെല്ലാം കാലതാമസമില്ലാതെ ആനുകൂല്യം അനുവദിക്കാനും വീടുപണി തുടങ്ങാനും കഴിയും.
ഈ മാസം ഇരുപതിന് പിരപ്പന്‍കോട് ഗവ. എല്‍.പി.എസ് ല്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പദ്ധതിയുടെ ആദ്യ ഗഡു തുക വിതരണം ചെയ്യും. എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."