വകുപ്പുകളിലെ ഐക്യമില്ലായ്മ: വികസന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി
പുനലൂര്‍: വകുപ്പുതലങ്ങളിലെ അനൈക്യമൂലം പുനലൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നഗരസഭ വസ്തു വാങ്ങി കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി കെട്ടിടം നിര്‍മിച്ച് നലകിയതാണ് പുനലൂരിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റ്. അഡ്വ. ഡി. സുരേഷ് കുമാര്‍ നഗരസഭാ ചെയര്‍മാനായിരുന്ന കാലത്താണ് ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിന്റ നിര്‍മാണം ആരംഭിച്ചത്.
അന്ന് സ്റ്റാന്‍ഡ് ഇവിടെ നിന്ന് വെട്ടിപ്പുഴയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് കെട്ടിട നിര്‍മാണത്തിന് എണ്‍പത്തി അഞ്ച് സെന്റ് റവന്യു സ്ഥലം നഗരസഭ പതിച്ചു വാങ്ങിയത്. 2002 ല്‍ എം.പി അച്ചുതന്‍ എം.പിയുടെ ഫണ്ടില്‍ ആരംഭം കുറിച്ച പുനലൂര്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഒന്നര പതിറ്റാണ്ടു കഴിയുമ്പോഴും എങ്ങുമെത്തിയിട്ടില്ല. എം.പിയായിരിക്കെ കെ.എന്‍ ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, മന്ത്രി കെ. രാജു എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു കെട്ടിടം വിപുലീകരിച്ചു നഗരസഭ വക ഷോപ്പിങ് കോംപ്ലക്‌സ് കൂടി ഉള്‍പ്പെട്ടതാണ് കെട്ടിട സമുച്ചയം.
വസ്തു നഗരസഭയുടെയും കെട്ടിടം കെ.എസ്.ആര്‍.ടി.സിയുടെയും ആയതോടെ വകുപ്പുകള്‍ തമ്മില്‍ നിയമപരമായ തര്‍ക്കങ്ങള്‍ക്ക് കാരണമായി.
മുന്‍നഗരസഭ ഭരണാധികാരികള്‍ വാടക ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിക്ക് കത്ത് നല്‍കിയിരുന്നു. അതിനെതിരേ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നിയമനടപടിയുമായി മുന്നോട്ടു പോയി. ഇപ്പോഴും വകുപ്പുകള്‍ തമ്മില്‍ ധാരണ എത്തിയിട്ടില്ല. നിലവില്‍ 12 മുറികള്‍ നഗരസഭയുടെ കൈവശവും ബാക്കി മുറികള്‍ തര്‍ക്കം കാരണം അടച്ചിട്ടിരിക്കുകയുമാണ്. ലക്ഷക്കണക്കിനു രൂപാ നഗരസഭയ്ക്കു വരുമാനം ലഭിക്കേണ്ട കെട്ടിടങ്ങളുടെ ഷട്ടറുകളും മറ്റും ദ്രവിച്ചു തുടങ്ങി.
അഞ്ചു വര്‍ഷത്തിനു മുന്‍പ് വിപുലമായ ഡിപ്പോയും ബസ് സ്റ്റാന്‍ഡ് നിര്‍മാണവും ആരംഭിച്ചു. എന്നാല്‍ വകുപ്പുകളുടെ വിഴുപ്പലക്കല്‍ കാരണം നിര്‍മാണം ക്രമേണ നിലച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്ഥലം എം.എല്‍ എയും മന്ത്രിയുമായ കെ. രാജു പ്രത്യേക താല്‍പര്യമെടുത്ത് എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ചെയ്ത് കരാറുകാരനെ പണി ഏല്‍പിച്ചു.
പൊതുമരാമത്ത് വിഭാഗമാണ് മേല്‍നോട്ടം വഹിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് 80 ലക്ഷം രൂപയും ബസ്റ്റാന്‍ഡ് ടൈല്‍സ് ഇടുന്നതിന് 80 ലക്ഷം രൂപയും മന്ത്രിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ചച്ചെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് പണി നടക്കുന്നത്. കെട്ടിട നിര്‍മാണത്തിന് ആറുമാസ കാലാവധിയും ടൈല്‍സ് പാകുന്നതിന് നാലു മാസവുമാണ് നിര്‍മാണ കാലാവധി. കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഇനി നാലു മാസവും ടൈല്‍സ് പാകുന്നതിന് ഒന്നര മാസവും ബാക്കിയുണ്ട്.
ഇങ്ങനെ പോയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാകില്ലെന്ന ആശങ്കയാണുള്ളത്. മാത്രമല്ല പണി എടുത്ത കരാറുകാരന്‍ അടങ്കല്‍ തുകയില്‍ നിന്ന് 25 ശതമാനം കുറച്ചാണ് ജോലി ഏറ്റെടുത്തിട്ടുള്ളത്. എസ്റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്ന അളവിലും ഗുണമേന്മയിലും അപാകത ഉണ്ടാക്കുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 34500 ചതുരശ്ര അടി വിസ്തീര്‍ണമാണ് സ്റ്റാന്റിന്. ബസ് സ്റ്റാന്‍ഡിന്റെ പണി ആരംഭിച്ചതോടെ പ്രവര്‍ത്തനം ചെമ്മന്തൂരിലെ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലേക്കു മാറ്റി. ഈ രണ്ടു സ്റ്റാന്‍ഡുകള്‍ തമ്മില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് ട്രിപ്പ് ഒപ്പറേറ്റുചെയ്ത് ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ വന്നു പോകുവാന്‍ തീരുമാനിച്ചരിന്നു.
എന്നാല്‍ ആരംഭത്തിലുണ്ടായിരുന്ന സര്‍വിസുകള്‍ പിന്നീട് ഉണ്ടായില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിനു സമീപം വരാതെ ആയി. മാത്രമല്ല മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിക്കുന്ന കൊല്ലം ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് അവിടെ എത്തിച്ചേരുന്നതിന് ലോക്കല്‍ ബസ് ട്രിപ്പുകള്‍ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുപോലെ കൊല്ലത്തു നിന്ന് പുനലൂരില്‍ വരുന്ന യാത്രക്കാരെ പാതി വഴിയില്‍ ഇറക്കിവിടുന്നതിനു തുല്യമാണ് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതും. പുനലൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നത് ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന് സമീപത്താണ്.
മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇവിടങ്ങളിലേക്കു വരുന്നതിന് മറ്റു വാടക വണ്ടികളെ ആശ്രയിക്കേണ്ടുന്ന അവസ്ഥയാണ് നിലവില്‍. ചെമ്മന്തൂര്‍ മുതല്‍ പുനലൂര്‍ തൂക്കുപാലം വരെ നടപ്പാതയും ഓടയും നിര്‍മിക്കുന്നതും സ്വകാര്യ വാഹനങ്ങള്‍ വഴിയരികില്‍ പാര്‍ക്കു ചെയ്യുന്നതു മൂലം പുനലൂര്‍ പട്ടണത്തില്‍ പകല്‍നേരങ്ങളില്‍ യാത്ര ദുഷ്‌ക്കരമാണ്.
മാസങ്ങളായി ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിന്റെ പണി നടക്കുന്നില്ല. സ്റ്റാന്‍ഡിലെ പഴയ കെട്ടിടം ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്തു വകുപ്പാകട്ടെ ഇതുവരെ വിശദമായ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."