അഭിമന്യു വധം: യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ വിദ്യാര്‍ഥി നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് 13 ദിവസം പിന്നിട്ടിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയാത്ത പൊലിസ് നടപടി സി.പിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ഒന്‍പതു പേര്‍ അറസ്റ്റിലായെങ്കിലും ഒന്നാം പ്രതി കോളജ് വിദ്യാര്‍ഥിയായ മുഹമ്മദ് ഉള്‍പ്പടെ എട്ടുപേര്‍ ഇപ്പോഴും ഒളിവിലാണെന്നത് പൊലിസിനെ വലക്കുകയാണ്. കൊലപാതകം നടത്തിയവരെക്കുറിച്ച് വ്യക്തമായ വിവരങ്ങളോ പ്രതികള്‍ കൃത്യം നടത്തിയശേഷം എവിടേക്ക് കടന്നുവെന്നോ വ്യക്തത വരുത്താന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിയാത്തതിനെതിരേ സി.പി.എമ്മിനുള്ളിലും അമര്‍ഷം പുകയുകയാണ്. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് സി.പി.എമ്മും എസ്.ഡി.പി.ഐ യും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം പാര്‍ട്ടി അനുഭാവികളില്‍ നിന്ന് തന്നെ ഉയര്‍ന്നതോടെയാണ് സി.പി.എം നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലായത്.
സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എയുമായ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ എന്‍.പി സിജി കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കില്‍ ഇട്ട പോസ്റ്റ് പാര്‍ട്ടിയെ വെട്ടിലാക്കുന്നതായിരുന്നു. ഡി.വൈ.എഫ്. ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സിജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയെ കൊണ്ടു തിരുത്തി പ്രസ്താവന ഇറക്കുകയും ചെയ്തുവെങ്കിലും വിഷയം പാര്‍ട്ടി ഘടകങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്തവരെ സഹായിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ തന്നെയാണെന്നും എസ്.ഡി.പി.ഐക്ക് സഹായം നല്‍കുന്നത് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്നുമുള്ള സുഹൃത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് സിജി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പൊലിസിന്റെ വീഴ്ചയ്‌ക്കെതിരേ ഇടതുസഹയാത്രികനും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയും ഫെയ്‌സ് ബുക്കിലൂടെ ശക്തമായ പ്രതികരണം നടത്തിയത്.
ഇരുവരുടെയും പോസ്റ്റുകള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായിട്ടുണ്ട്. സി.പി.എം എം.എല്‍.എയുടെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉയര്‍ത്തി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ സംഘടനകളും ബി.ജെ.പിയും സി.പി.എമ്മിനെതിരേ ആക്രമണം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതൃത്വങ്ങള്‍. സംസ്ഥാന വ്യാപകമായി തെരച്ചിലിന്റെ പേരില്‍ പൊലിസ് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട്. ഇവരെയെല്ലാം പ്രതികള്‍ക്ക് സഹായം നല്‍കിയവര്‍ എന്ന നിലയിലാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്. ഇന്നലെ 20 ഓളം പേരെ കൂടി എറണാകുളം ജില്ലയില്‍ നിന്ന് മാത്രം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട യഥാര്‍ഥ പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. പ്രതികളെ വേഗത്തില്‍ പിടികൂടാനുള്ള കഴിവും സാങ്കേതികതയുമുള്ള കേരള പൊലിസിന്റെ ഇപ്പോഴുള്ള അന്വേഷണത്തിലെ മെല്ലെപോക്ക് പാര്‍ട്ടി വൃത്തങ്ങളില്‍ കൂടുതല്‍ ആശയകുഴപ്പം സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."