കോവളത്ത് ലാത്വിയന്‍ വനിതയുടെ കൊല: കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി
തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. വിചാരണ നടപടികള്‍ ഇന്നലെ ആരംഭിച്ചെങ്കിലും പ്രതികള്‍ ഹാജരായില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ട് പ്രതികളുള്ള കേസിന്റെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. വിചാരണയില്‍ പ്രോസിക്യൂഷനെ സഹായിക്കാനായി പൊലിസിന്റെ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.
ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തില്‍ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലിസ് കണ്ടെത്തിയത്. ഉമേഷ്, ഉദയന്‍ എന്നിവരെയാണ് കൊലക്കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കോവളത്തുനിന്ന് കാണാതായ വിദേശ വനിതയെ ആഴ്ചകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാഞ്ഞത് പൊലിസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ആഴ്ചകള്‍ക്കുശേഷം അഴുകിയ മൃതദേഹമാണ് തിരുവല്ലത്തുള്ള പൊന്തക്കാട്ടില്‍നിന്ന് കണ്ടെത്തിയത്. ലഹരിമാഫിയ സംഘത്തിന്റെയും സാമൂഹിക വിരുദ്ധരുടെയും താവളമായ ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സമീപവാസികളായ രണ്ട് യുവാക്കള്‍ പിടിയിലാകുന്നത്.
കോവളത്ത് വച്ച് കണ്ട യുവതിയെ തന്ത്രപൂര്‍വം പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ നടത്തിപ്പിനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ സുഹൃത്ത് ആന്‍ഡ്രു ജോര്‍ദ്ദന്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലിസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. അതേസമയം അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്ത് ആന്‍ഡ്രു പറഞ്ഞു. യുവതിയുടെ മരണത്തെപ്പറ്റി ഇപ്പോഴുളള നിഗമനം പൊലിസ് കെട്ടിച്ചമച്ച കഥ പോലെയാണ് തോന്നുന്നതെന്ന് ആന്‍ഡ്രു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."