എന്‍.ഡി.എ റാലി ഇന്ന്; നഗരത്തില്‍ ഗതാഗത ക്രമീകരണം
കോഴിക്കോട്: കടപ്പുറത്ത് ഇന്ന് നടക്കുന്ന എന്‍.ഡി.എ വിജയ് സങ്കല്‍പ് റാലിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
റാലിക്കെത്തുന്ന വാഹനങ്ങള്‍ വരേണ്ട റൂട്ടും പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങളും: വടകര ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലങ്ങള്‍, എലത്തൂര്‍, ബാലുശ്ശേരി മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന്, പാവങ്ങാട് വഴി വെങ്ങാലി പാലം ഇറങ്ങി ഇടത്തോട്ട് പുതിയാപ്പ ബീച്ചിലേക്ക് പ്രവേശിച്ച് അവിടെ നിന്ന് പണിക്കര്‍ റോഡില്‍ ആളെ ഇറക്കി വാഹനങ്ങള്‍ ബീച്ച് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യണം. പ്രവര്‍ത്തകര്‍ പണിക്കര്‍ റോഡിലേക്ക് കയറി വലതു വശത്തെ റോഡിലൂടെ റെഡ് ക്രോസ് റോഡ് വഴി സമ്മേളന നഗരിയില്‍ പ്രവേശിക്കണം.
കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ എരഞ്ഞിപ്പാലത്ത് എത്തി വലത്തോട്ട് തിരിഞ്ഞ് കാരപറമ്പ്, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍, വരക്കല്‍ റോഡ് വഴി ബീച്ചില്‍ എത്തി ഗാന്ധി റോഡ് ജങ്ഷന് 100 മീറ്റര്‍ മുന്‍പ് ആളെ ഇറക്കി നോര്‍ത്ത് ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യണം.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലങ്ങളും രാമനാട്ടുകര, ചെറുവണ്ണൂര്‍, മീഞ്ചന്ത വഴി പുഷ്പ ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ഫ്രാന്‍സിസ് റോഡ് പാലം കയറി ബീച്ചിലേക്ക് പ്രവേശിച്ച് സീ ക്യൂന്‍ ഹോട്ടലിനടുത്ത് ആളുകളെ ഇറക്കി കോതി പാലം ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
കോഴിക്കോട് സൗത്ത്, നോര്‍ത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളും പ്രവര്‍ത്തകരും സി.എച്ച് ഓവര്‍ ബ്രിഡ്ജിനടുത്ത് ആളുകളെ ഇറക്കി കോതിപാലം ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."