പഴശ്ശി സാഗര്‍ വൈദ്യുത പദ്ധതി: പവര്‍ ഹൗസിലേക്കുള്ള തുരങ്ക നിര്‍മാണം; പരിശോധന തുടങ്ങി
സന്തോഷ് കൊയിറ്റി
ഇരിട്ടി: സ്‌ഫോടനത്തെ തുടര്‍ന്നു നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായുള്ള പരിശോധനക്ക് തുടക്കം. പാറ പൊട്ടിച്ചെടുക്കുന്ന പ്രവൃത്തിയുടെ സ്‌ഫോടനങ്ങളുടെ പ്രകമ്പനശേഷി നിര്‍ണയിക്കുന്നതിനുള്ള പരിശോധനക്കാണ് തുടക്കമായത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കീഴിലുള്ള ബംഗളൂരു ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ മേല്‍നോട്ടത്തിലാണു പരിശോധന. പാറ പൊട്ടിച്ചെടുക്കുന്നതിനുള്ള സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനങ്ങളുടെ തോത് കുറച്ചു കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വിദഗ്ധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പദ്ധതി പ്രദേശത്ത് തുടക്കമായത്.
ജലസംഭരണിയില്‍നിന്ന് പവര്‍ഹൗസിലേക്കു വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ നിര്‍മാണം നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു നേരത്തെ നിര്‍ത്തിവച്ചിരുന്നു. തുരങ്കത്തിനായി ജലാറ്റിന്‍ ഉപയോഗിച്ച് കൂറ്റന്‍പാറകള്‍ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തില്‍ സമീപത്തെ വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു പരാതി. പഴശ്ശി പദ്ധതിക്കും സമീപവാസികള്‍ക്കും ദോഷമില്ലാതെ പാറ പൊട്ടിച്ചെടുക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
സ്‌ഫോടനത്തിന്റെ അളവും ശേഷിയും ഇവരാണു നിര്‍ണയിച്ചിരുന്നത്. ഇതുപ്രകാരം നടത്തിയ സ്‌ഫോടനമാണു സമീപവാസികള്‍ക്കു ഭീഷണിയായത്. വീണ്ടും നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പദ്ധതിയുടെ എക്‌സിക്യുട്ടീവ് എന്‍ജിനീയറാണു തുരങ്കനിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ബംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം വീണ്ടും പ്രയോജനപ്പെടുത്തി സ്ഥലപരിശോധന നടത്തി സ്‌ഫോടനത്തിന്റെ ആഘാതം നിര്‍ണയിക്കുന്നതിനും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.ആര്‍.എം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും സ്‌ഫോടനാഘാതശേഷി നിര്‍ണയ പരിശോധന ആരംഭിച്ചത്.
കഴിഞ്ഞദിവസമാണ് സംഘം പദ്ധതി പ്രദേശത്തെത്തി പരിശോധന ആരംഭിച്ചത്. ഏഴുദിവസം നീളുന്ന പരിശോധനയാണു നടക്കുന്നതെന്നും തദ്ദേശവാസികളായ നാട്ടുകാരുടെ പരാതി പരിഗണിച്ച് സ്‌ഫോടനത്തിന്റെ തോത് കുറച്ച് വരും ദിവസങ്ങില്‍ തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായുള്ള പാറ പൊട്ടിക്കല്‍ പ്രവൃത്തി തുടരുമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭരണിയില്‍ നിന്നു 80 മീറ്റര്‍ നീളത്തില്‍ വലിയ തുരങ്കവും അവിടെനിന്ന് ചെറിയ മൂന്നു തുരങ്കവും നിര്‍മിച്ചാണു പവര്‍ഹൗസിലേക്ക് വെള്ളമെത്തിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. പഴശ്ശി അണക്കെട്ടിനു സമീപത്തെ കുയിലൂര്‍ വളവ് റോഡിനു കുറുകെയാണ് തുരങ്കം നിര്‍മിക്കുന്നത്. ആറുമാസത്തിനകം തുരങ്കം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."