മാലിന്യം നിറഞ്ഞ് പരിസരം ആരോഗ്യം തീരെയില്ലാതെ ജില്ലാ ആശുപത്രി
മാനന്തവാടി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും പരിസര ശുചിത്വം ഉറപ്പ് വരുത്തേണ്ട ജില്ലാ ആശുപത്രി പരിസരം മാലിന്യത്തൊട്ടിയാകുന്നു.
പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ മാനന്തവാടി നഗരസഭ ഓഫിസിനു സമീപത്തെ ജില്ലാ ആശുപത്രി പരിസരമാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്.
ആശുപത്രി മോര്‍ച്ചറിയിലേക്കുള്ള വഴിയില്‍ കേടുവന്ന ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടതിനു സമീപത്താണ് മാലിന്യം കുമിഞ്ഞു കൂടിയിട്ടുള്ളത്. പോളിത്തീന്‍ കവറുകളും കുടിവെള്ളത്തിന്റെ കുപ്പികളുമാണ് കൂടുതലായും ഉള്ളത്. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
മാലിന്യ സംസ്‌കരണത്തിനു നൂതന സംവിധാനങ്ങളൊന്നും തന്നെ ആശുപത്രി പരിസരത്ത് നടപ്പാക്കാത്തതാണ് മാലിന്യം കുന്നുകൂടുന്നതിനു കാരണമാകുന്നത്. വിവിധ മരുന്നുകളുടെ പാക്കറ്റുകള്‍, മുറിവു വൃത്തിയാക്കിയ ശേഷം ഉപേക്ഷിക്കുന്ന കോട്ടണുകള്‍ എന്നിവയും ഇവിടെയുണ്ട്.
മാലിന്യം നിറഞ്ഞതോടെ പരിസരത്താകെ ദുര്‍ഗന്ധവും വ്യാപിക്കുകയാണ്.
മാലിന്യത്തിന്റെ അളവു വര്‍ധിക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കത്തിക്കാറാണ് പതിവ്. ഇതോടെ ദുര്‍ഗന്ധം അസഹ്യമാകും. ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന ആരോപണവും ശക്തമാകുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേ നഗരസഭാ അധികൃതര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ആശുപത്രിയിലെത്തുന്നവര്‍ ഭക്ഷണങ്ങളും മറ്റും യഥേഷ്ടം പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടു വരുന്നുണ്ട്. ഇങ്ങനെയുള്ള പ്ലാസ്റ്റിക്കുകളാണ് കൂടുതലായും ഇവിടെ ഉപേക്ഷിക്കുന്നത്. ഇത് മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമാണെന്ന ധാരണയിലാണ് കിടത്തി ചികിത്സയിലുള്ള രോഗികള്‍ വരെ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്.
ഇത് തെരുവുനായ ശല്യത്തിനും കാരമാകുന്നുണ്ട്. ആരോഗ്യംസംരക്ഷിക്കേണ്ട ആശുപത്രി പരിസരം തന്നെ അനാരോഗ്യം പേറുന്നത് കാണേണ്ടവര്‍ കണ്ണടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."