ഗ്യാസ് ടാങ്കര്‍ അപകടം: പരിശോധന ശക്തമാക്കി
കരുനാഗപ്പള്ളി: ദേശീയപാതയില്‍ ഓച്ചിറ മുതല്‍ പുതിയകാവുവരെ അടിക്കടി പാചക വാതക ഗ്യാസ് ടാങ്കറുകള്‍ അപകടത്തില്‍പ്പെടുന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കി.
ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ എ.എം വി.ജി. കൃഷ്ണകുമാര്‍, ബേബി ജോണ്‍, എം.വി.ഐ.മാരായ ഷെരീഫ്, ജയചന്ദ്രന്‍ എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടും മൂന്നും ദിവസങ്ങള്‍ ദീര്‍ഘദൂരം ഓടിയെത്തുന്ന ടാങ്കര്‍ ലോറികളിലും നാഷണല്‍പെര്‍മിറ്റുള്ള മറ്റ് ഹെവി വാഹനങ്ങളിലും ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. ഇങ്ങിനെയുള്ള വാഹനങ്ങളില്‍ വിദഗ്ധരായ രണ്ടു ഡ്രൈവര്‍മാരും ഒരു സഹായിയും ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. ദീര്‍ഘദൂര യാത്രക്കിടയില്‍ ഡ്രൈവര്‍ മയങ്ങിപ്പോകുന്നതാണ് കൂടതല്‍ അപകടങ്ങള്‍ക്കും കാരണം.
ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഓച്ചിറ കല്ലൂര്‍മുക്കില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടവും ഡ്രൈവര്‍ മയങ്ങി പോയതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാചകവാതകം, ആസിഡുകള്‍, വിവിധതരം കെമിക്കലുകള്‍ തുടങ്ങി തീ കത്തുന്നതും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതുമായ വസ്തുക്കള്‍ കൊണ്ടുവരുന്ന ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ളവ ഓടിക്കുന്നവര്‍ക്ക് ഹസാട്‌സ് ലൈസന്‍സ് വേണമെന്ന നിബന്ധനയുണ്ട്.
കെമിക്കലുകളും മറ്റും കൊണ്ടുവരുന്ന വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തി സര്‍ട്ടിഫിക്കറ്റ് നേടണം. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് ഹസാട്‌സ് ലൈസന്‍സ് ലഭിക്കുന്നത്.
വരും ദിനങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."