ഞങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് നാലെന്ന മനോഭാവമാണ് പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി, രാജിവെക്കണമെന്നത് വ്യാമോഹം മാത്രം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ സി.സി.ടി.വി കേടായ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വിലകുറഞ്ഞതെന്ന് മുഖ്യമന്ത്രി. ഞങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് നാലാണ് എന്നതാണ് പ്രതിപക്ഷത്തിന്റെ മനോഭാവം.
ക്ലിഫ് ഹൗസില്‍ ഒരു ദിവസം ഇടിവെട്ടിയപ്പോ കുറേക്കാര്യങ്ങളാണ് ഒന്നിച്ച് നശിച്ചത്. അത് സ്വാഭാവികമല്ലേ. എന്തോ സ്വിച്ചിന് തകരാര്‍ പറ്റി. അത് മാറ്റാന്‍ നടപടിയെടുത്തു എന്നൊക്കെയുള്ള വിശദീകരണം ഇപ്പോ വന്നു. സ്വാഭാവികമായി നടക്കുന്നതാണത്. എന്തോ ഒരു കടലാസ് കിട്ടി എന്നും പറഞ്ഞ്, അതും പൊക്കിപ്പിടിച്ച് ഇതാ കിട്ടിപ്പോയി എന്നും പറഞ്ഞ് പുറപ്പെട്ടവരുടേതല്ലേ അബദ്ധമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സാധാരണ നിലയ്ക്ക് കിട്ടിയ കാര്യങ്ങളൊന്ന് വിലയിരുത്താന്‍ തയ്യാറാവേണ്ടേ. വിലയിരുത്തിക്കൊണ്ടല്ലേ പറയേണ്ടത്. എന്നിട്ട് വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാന്‍ നോക്കുകയാണ്. അതാണല്ലോ സംഭവിക്കുന്നത്. അതിനെന്ത് ചെയ്യാന്‍ പറ്റുമെന്നും പിണറായി വിജയന് ചോദിച്ചു.
ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അതൊക്കെ എന്‍.ഐ.എ തീരുമാനിക്കുന്നതല്ലേ. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് എനിക്കിതേവരെ കിട്ടിയിട്ടുള്ള ധാരണ. വ്യത്യസ്തമായ ഒരു ധാരണയ്ക്ക് ഇതുവരേം അടിസ്ഥാനമില്ല.
ഓഫിസില്‍ എന്‍.ഐ.എ വന്നതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് അതൊക്കെ മോഹമല്ലേ, അങ്ങനെ എന്തൊക്കെ മോഹങ്ങള്‍ കാണുമെന്നും ഇതിനൊക്കെ ഞാനെന്തു പറയാനാണെന്നുമായിരുന്നു പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."