സര്‍ക്കാരിന്റെ തെരുവുനായ നിയന്ത്രണം പാളി; നിയോഗിച്ചത് 80 പട്ടിപിടുത്തക്കാരെ മാത്രം
മലപ്പുറം: തെരുവുനായകളുടെ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ഫലം ചെയ്തില്ല. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലുമായി ഇതുവരെ നിയോഗിച്ചത് 80 പട്ടിപിടുത്തക്കാരെ മാത്രം. 941 പഞ്ചായത്തുകളില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടപ്രകാരം മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിച്ചത് 515 പഞ്ചായത്തുകള്‍ മാത്രമാണ്. 790 പഞ്ചായത്തുകള്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
നഗരസഭകളില്‍ 28 എണ്ണത്തില്‍ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. അതേ സമയം 15 നഗരസഭകളുടെ പദ്ധതിക്ക് മാത്രമേ ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുള്ളൂ. 16 നഗരസഭകള്‍ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്തിന് തുക കൈമാറിയിട്ടുണ്ട്.
എന്നാല്‍ 11 നഗരസഭകള്‍ ഇതുവരെ നായകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. കൊല്ലം, മരട്, മൂവാറ്റുപുഴ, പാനൂര്‍, പിറവം, വടക്കാഞ്ചേരി, ചെങ്ങന്നൂര്‍, കൊണ്ടോട്ടി, കോതമംഗലം, ഹരിപ്പാട് എന്നീ നഗരസഭകളാണ് ഇതുവരെ നായകളുടെ എണ്ണം തിട്ടപ്പെടുത്താത്തത്. പദ്ധതിക്കായി സംസ്ഥാനത്തെ 93 നഗരസഭകള്‍ ഇതുവരെയായി ഒമ്പതു കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പദ്ധതി സംബന്ധിച്ചുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2015-16 മുതല്‍ പഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപ വീതവും നഗരസഭകള്‍ രണ്ടു ലക്ഷം രൂപ വീതവും തെരുവുനായ നിയന്ത്രണ പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറുന്നുണ്ട്. ഇതുവരെയായി ഏകദേശം ഇരുപതു കോടിയിലിധികം രൂപ വിവിധ ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ തുക വിനിയോഗിക്കുന്നതിനു ജില്ലാ പഞ്ചായത്തുകള്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കടിയേറ്റു വീട്ടമ്മ മരിച്ചതിനെത്തുടര്‍ന്നു പല ജില്ലകളിലും തെരുവുനായ നിയന്ത്രണ പരിപാടികള്‍ ഊര്‍ജിതമാക്കുന്നതിനു ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ല.
തെരുവുനായകളെ പിടിച്ച് വന്ധ്യംകരണത്തിനുവേണ്ടിയും കുത്തിവെപ്പെടുക്കുവാനും ബ്ലോക്ക് തലങ്ങളിലുള്ള ഷെല്‍റ്ററുകളിലേക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്.
എന്നാല്‍ മിക്ക ബ്ലോക്ക് പഞ്ചായത്തുകളിലും ഇതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൃഗക്ഷേമ സംഘടകള്‍ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെയായി രജിസ്ട്രര്‍ ചെയ്തത് പത്തില്‍ താഴെ സംഘടനകള്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."