കുടിവെള്ള ലഭ്യതയിലെ സമത്വത്തിനായി ഇതാ അമ്പായത്തോട്ടുകാരുടെ 'ഐക്യമാതൃക'
പി.കെ.സി മുഹമ്മദ്
താമരശ്ശേരി: കനത്ത വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയതോടെ നാടും നഗരവും കുടിവെള്ളത്തിനായി പരക്കം പായുകയാണ്. കിണറില്‍ അവശേഷിക്കുന്ന വെള്ളം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മടിക്കുന്നവരും കുറവല്ല. എന്നാല്‍ കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട്ടിലെത്തിയാല്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ലാതെ കുടിവെള്ളം എല്ലാവര്‍ക്കും പ്രാപ്യമാക്കുന്ന തരത്തിലുള്ള നാട്ടുകാരുടെ ഐക്യമാതൃകക്ക് സാക്ഷിയാകാം.
അമ്പായത്തോട് പുഴയോരത്ത് താമസിക്കുന്നവരുടെ വീടുകളിലെ ഒരു കിണറില്‍ നിന്നു തന്നെ 25 ലധികം മോട്ടോര്‍ പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. മലമുകളിലെ പല വീടുകളിലും ജലലഭ്യത ഇങ്ങനെയാണ് നടപ്പിലാക്കുന്നത്. ചില സ്ഥലങ്ങളില്‍ കിണറിനുള്ള സ്ഥലം വാങ്ങി പുഴയോരത്ത് ചെറു കിണറുകള്‍ കുഴിച്ച് അതില്‍ നിരവധി കുടുംബങ്ങള്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് മലമുകളിലെ വീടുകളിലേക്കും മറ്റും വെള്ളം എത്തിക്കുന്നുണ്ട്. അമ്പായത്തോട് സ്‌കൂളിനു സമീപത്തെ കടയിലെ കിണറില്‍ നിന്നും പത്തോളം മോട്ടോറുകള്‍ ഉപയോഗിച്ചാണ് വെള്ളം എടുക്കുന്നത്. ഇത് നൂറുകണക്കിനു കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമാവുകയാണ്. മലമുകളില്‍ കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടാനുള്ള പ്രയാസമാണ് പലരേയും താഴ് വാരത്തില്‍ കിണറിനുള്ള സ്ഥലം വാങ്ങി ഒത്തുരുമയോടെ കിണറും പമ്പുസെറ്റും വെച്ച് വെള്ളമെടുക്കുന്നതിലേക്ക് പ്രേരിപ്പിച്ചത്. ഇതിനുള്ള വൈദ്യുതി ചാര്‍ജും പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."