യുവവോട്ടര്‍മാരെ കൈയിലെടുത്ത് സ്ഥാനാര്‍ഥികളുടെ പടയോട്ടം
കാസര്‍കോട്: യുവ വോട്ടര്‍മാരെ കൈയിലെടുത്ത് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികളുടെ പടയോട്ടം തുടരുന്നു. യുവ വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണ ചടങ്ങുകളിലാണ്. ഉള്‍ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഉണ്ണിത്താന് ലഭിക്കുന്നത് വന്‍ സ്വീകരണമാണ്.
സ്ഥാനാര്‍ഥി പര്യടനത്തിന് എത്തുന്നതിനു വളരെ മുന്‍േപ തന്നെ സ്വീകരണ കേന്ദ്രങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും ഉണ്ണിത്താനും വേണ്ടി യുവാക്കളും പ്രായമുള്ളവരും ഗാനങ്ങള്‍ ആലപിച്ചു വോട്ടര്‍മാരെ പിടിച്ചിരുത്തുന്ന കാഴ്ചയാണ് ജില്ലയിലുള്ളത്.
യുവാക്കള്‍ കോല്‍ക്കളിയും പാട്ടുമായി ആളുകളെ സ്വീകരണ കേന്ദ്രങ്ങളില്‍ പിടിച്ചിരുത്തുമ്പോള്‍ പ്രായമുള്ളവര്‍ കൈകൊട്ടി പാട്ടുമായാണ് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
ഉണ്ണിത്താന്റെ പ്രചാരണത്തിനുവേണ്ടി പുറത്തിറക്കിയ പല ഗാനങ്ങളും സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വൈറലായി മാറുകയും ചെയ്തു. യുവ വോട്ടര്‍മാര്‍ ഉണ്ണിത്താനോടൊപ്പം സെല്‍ഫിയെടുത്തും പാട്ടുപാടിയും പ്രചാരണ രംഗം കൊഴുപ്പിക്കുന്ന കാഴ്ചയാണ് ജില്ലയില്‍.
സോഷ്യല്‍ മീഡിയകളില്‍ പ്രചാരണ രംഗത്ത് മുന്നിട്ടു നില്‍ക്കുന്നതും ഉണ്ണിത്താനാണ്. നിലവിലുള്ള സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രനും പ്രചാരണ രംഗത്ത് കനത്ത പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ട്. ഇരു സ്ഥാനാര്‍ഥികള്‍ക്കും പുറമെ എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രിയും പ്രചാരണ രംഗത്ത് സജീവമായുണ്ട്.
പ്രചാരണ സമയത്ത് കൂടുന്ന ആള്‍ക്കൂട്ടത്തിന്റെ വോട്ടു തങ്ങള്‍ക്കു ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സ്ഥാനാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."