നിരാശ വേണ്ട 10 കോടിവരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ ലൈസന്‍സില്ലാതെ തുടങ്ങാം
കോഴിക്കോട്: കേരളത്തില്‍ 10 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങാന്‍ ലൈസന്‍സ് വേണ്ടെന്ന നിയമം പലരും അറിയാതെ പോവുന്നു. കൊവിഡ് കാലത്ത് തിരികെ എത്തുന്ന പ്രവാസികള്‍ക്കും നാട്ടിലെ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം പ്രയോജനകരമായ പുതിയ പദ്ധതിയെക്കുറിച്ചാണ് ആളുകള്‍ക്ക് കാര്യമായ ധാരണയില്ലാത്തത്.
കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് പ്രകാരമാണ് ലൈസന്‍സില്ലാതെ ഇത്തരത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുക. സൂക്ഷ്മ,ചെറുകിട,ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് സുഗമമാക്കാന്‍ ഈ നിയമം സംരംഭകരെ സഹായിക്കും. ഇതുപ്രകാരം ലൈസന്‍സില്ലാതെ സംരംഭം തുടങ്ങി മൂന്നു വര്‍ഷത്തിനകമോ ഈ കാലാവധി തീര്‍ന്ന് ആറു മാസത്തിനുള്ളിലോ ലൈസന്‍സ് നേടിയാല്‍ മതി.
സംരംഭകര്‍ ഓണ്‍ലൈനില്‍ ഉദ്യോഗ് ആധാര്‍ എടുത്ത ശേഷം ജില്ലാ കലക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ നോഡല്‍ ഏജന്‍സിക്കു നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കുകയാണ് ആദ്യം വേണ്ടത്. അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീത് കൈപ്പറ്റിയതിനുശേഷം ഉടന്‍ സംരംഭങ്ങള്‍ ആരംഭിക്കാം. അപേക്ഷ നിരസിച്ചാല്‍ സംസ്ഥാന ഏകജാലക ക്ലിയറന്‍സ് വഴി 30 ദിവസത്തിനുള്ളില്‍ വസ്തുതകള്‍ ബോധ്യപ്പെടുത്തി അനുമതി നേടാനും കഴിയും.
കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും ഏറെ പ്രയോജനകരമാണ് ഈ സംവിധാനം. ചെറിയതോതില്‍ ആണെങ്കില്‍ പോലും ഒരു വ്യവസായം ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവരെ ചുവപ്പുനാടയില്‍ കുടുക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും അധികാരികളില്‍ നിന്നുമുള്ള മോചനം കൂടിയാണ് പുതിയ നിയമം.
കാര്‍ഷികോല്‍പന്നങ്ങള്‍ വിളവെടുക്കുന്ന സമയത്ത് ചെറിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുകയും അതു നടക്കാതെ സീസണിലെ വിളവു മുഴുവന്‍ നിസാരവിലയ്ക്കു നല്‍കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് ഏറെ സഹായമായിരിക്കും ഇത്.
നാളികേര കര്‍ഷകര്‍, നെല്‍കര്‍ഷകര്‍ ഇവര്‍ക്കെല്ലാം തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള സംരംഭങ്ങള്‍ ഇതു വഴി തുടങ്ങാനാവും.വിദേശ മലയാളികള്‍ക്കും നാട്ടില്‍ വന്ന് ധൈര്യപൂര്‍വം സംരംഭങ്ങളിലേക്ക് നിക്ഷേപമിറക്കാനുള്ള സാഹചര്യമുണ്ടാകും.
സംരംഭം തുടങ്ങാന്‍ തീരുമാനിച്ചാല്‍ ജില്ലാ വ്യവസായ കേന്ദ്രവുമായിബന്ധപ്പെടണം. ഇവിടെ നിന്ന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കും. ഓയില്‍ റിഫൈനറി, മൈനിങ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിസ്റ്റിലറി തുടങ്ങിയ റെഡ് കാറ്റഗറിയിലുള്ള സംരംഭങ്ങള്‍ ഈ നിയമം വഴി തുടങ്ങാനാവില്ല.തണ്ണീര്‍ത്തടങ്ങള്‍, നദീതീരം എന്നിവ നികത്തി കെട്ടിടം പണിതു സംരംഭം തുടങ്ങാനും ഈ നിയമപ്രകാരം അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."