കേരളത്തോടുള്ള യു.ഡി.എഫിന്റെ കടപ്പാടാണ് പങ്കാളിത്ത പെന്‍ഷനെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള കടപ്പാടാണ് പങ്കാളിത്ത പെന്‍ഷനെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 25 വര്‍ഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ചു ചിന്തിച്ചതു കൊണ്ടാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അത്രയും വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ ബാധ്യത താങ്ങുവാന്‍ സര്‍ക്കാരിന് സാധിക്കാത്ത നിലയിലെത്തുമെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സംസ്ഥാനത്തെ റവന്യൂകമ്മി വര്‍ധിച്ചുവെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ആക്ഷേപം ശരിവയ്ക്കുന്ന ഉമ്മന്‍ചാണ്ടി അതിന്റെ കാരണങ്ങളും അക്കമിട്ട് വ്യക്തമാക്കുന്നു. രണ്ടു ശമ്പള കമ്മിഷനുകള്‍ നടപ്പാക്കേണ്ടി വന്നതാണ് പ്രധാന കാരണം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ വര്‍ധിച്ച സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്തതായും അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക പരിമിതി തടസമില്ലാതെ യഥേഷ്ടം പണം അനുവദിച്ചതായും അദ്ദേഹം പറയുന്നു. 12.9 ലക്ഷം പേര്‍ക്ക് ലഭിച്ചിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 34.43 ലക്ഷം പേര്‍ക്ക് വര്‍ധിപ്പിച്ചു. എല്‍.ഡി.എഫിന്റെ അവസാനത്തെ വര്‍ഷം 2010-11ല്‍ 592 കോടി രൂപ ചെലവഴിച്ച സ്ഥാനത്തു 2015-16 ല്‍ 3016 കോടി രൂപയാണ് ചെലവഴിച്ചത്. കുറഞ്ഞ സാമൂഹ്യ പെന്‍ഷന്‍ 300 ആയിരുന്നത് 600 രൂപയാക്കി ഉയര്‍ത്തി. 800,1000,1100, 1500 രൂപ എന്നിങ്ങനെ പെന്‍ഷന്‍ വര്‍ധന വരുത്തി. കോക്ലീയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി ഉള്‍പ്പെടെ നിരവധി പരിപാടികള്‍ സാമൂഹികനീതി വകുപ്പിന് ഏറ്റെടുക്കേണ്ടി വന്നു.
രാജ്യത്തൊട്ടാകെ വന്ന സാമ്പത്തിക മാന്ദ്യവും റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഉണ്ടായ വിലയിടിവും വരുമാന വര്‍ധനവിനു തടസമായി. ഒഴിഞ്ഞു കിടന്ന എല്ലാ തസ്തികകളിലും നിയമനം നടത്തി. അഞ്ചുവര്‍ഷം കൊണ്ട് 1,67,096 പേരേ നിയമിച്ചു സര്‍വകാല റെക്കോര്‍ഡ് ഉണ്ടാക്കുകയും 46,223 പുതിയ തസ്തികകകള്‍ സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ ആകെ ആറു ദിവസങ്ങളില്‍ മാത്രമാണ് ഓവര്‍ ഡ്രാഫ്ട് എടുത്തതെങ്കില്‍ മുന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് 169 ദിവസം ഓവര്‍ ഡ്രാഫ്ട് എടുത്തിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."