കുരുവിളയുടെ കൊലപാതകം: പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി
സ്വന്തം ലേഖകന്‍
താമരശ്ശേരി: കൈതപ്പൊയിലിലെ ധനകാര്യ സ്ഥാപന ഉടമ സജി കുരുവിളയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആലപ്പുഴ കടുവിനാല്‍ വള്ളിക്കുന്നം സുമേഷ് കുമാറി(40) നായി താമരശ്ശേരി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
താമരശ്ശേരി സി.ഐ ടി.എ അഗസ്റ്റിനാണ് അന്വേഷണച്ചുമതല. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തിന് മൂന്നുദിവസം മുന്‍പ് സ്വര്‍ണ പണയവുമായി ബന്ധപ്പെട്ട ആവശ്യത്തിനു പ്രതി ധനകാര്യ സ്ഥാപനത്തില്‍ വന്നിരുന്നു.
പരസ്പരവിരുദ്ധവും വിശ്വാസ യോഗ്യവുമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതില്‍ സംശയം തോന്നിയ ഉടമ സജി കുരുവിള പ്രതിയുടെ വിഡിയോ ഫോണില്‍ പകര്‍ത്തിയിരുന്നു. രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടാണു പ്രതി ധനകാര്യ സ്ഥാപനത്തില്‍ എത്തിയത്. ഇതിന് ഈടായി നല്‍കിയ സ്വര്‍ണം രണ്ടുലക്ഷം രൂപ വിലമതിക്കില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കുരുവിളയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് വെള്ളിയാഴ്ചയും പ്രതി സ്ഥാപനത്തിലെത്തി. എന്നാല്‍ നല്‍കിയ രേഖകളിലും സ്വര്‍ണങ്ങളിലും സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ക്കു പണം നല്‍കാന്‍ കുരുവിള വിസമ്മതിച്ചു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് സംശയിക്കുന്നു.
പ്രതിയുടെ നാടായ ആലപ്പുഴയിലെ വീട്ടിലും സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും താമരശ്ശേരി പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി തിരച്ചില്‍ നടത്തിവരികയാണ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം നടന്ന വെള്ളിയാഴ്ച രാത്രി വൈകിട്ട് പ്രതി കോഴിക്കോട് നഗരത്തില്‍ എത്തിയതായി മൊബൈല്‍ ഫോണ്‍ ലൊക്കേഷനില്‍ വ്യക്തമായിട്ടുണ്ട്.
പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. റെയില്‍വേ പൊലിസിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി.
പ്ലംബിങ് തൊഴിലാളിയായ പ്രതി 2017 ഒക്ടോബര്‍ ഒന്നുമുതല്‍ കൈതപ്പൊയിലിലെ റിട്ടേര്‍ഡ് അധ്യാപികയുടെ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.
സംസാര ശേഷിയില്ലാത്ത ഭാര്യക്കും ആറു വയസായ മകനുമൊപ്പമായിരുന്നു വാടകവീട്ടില്‍ താമസിച്ചിരുന്നതെങ്കിലും രണ്ടുമാസത്തോളമായി ഭാര്യയും മകനും ഇയാളുമായി അകന്നു കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."