സംസ്ഥാനത്തെ ഭൂരിഭാഗം കന്നിവോട്ടര്‍മാരും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യും
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യേണ്ടി വരും. 2018 നവംബര്‍ 15ന് മുന്‍പായി അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് ഇതുവരെ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുള്ളത്.
ഇതിനുശേഷം അപേക്ഷിച്ചവര്‍ക്കുള്ള കാര്‍ഡ് തെരഞ്ഞെടുപ്പിനുശേഷമേ വിതരണം ചെയ്യാനാകൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം കന്നിവോട്ടര്‍മാരും തിരിച്ചറിയല്‍ കാര്‍ഡില്ലാതെയാവും വോട്ട് രേഖപ്പെടുത്തുക.
ആദ്യഘട്ടത്തില്‍ കമ്മിഷന്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ 2019 ജനുവരിയില്‍ 18 വയസ് പൂര്‍ത്തിയാവുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസാന ദിവസം 2018 നവംബര്‍ 15 ആയിരുന്നു.
എന്നാല്‍ ഇതിനുശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടുതല്‍പേരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രത്യേക കാംപയിനുകളും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിയതി നീട്ടുകയും കൂടുതല്‍പേര്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഒക്ടോബറില്‍ അപേക്ഷിച്ചവര്‍ക്കുപോലും ഇതുവരെ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ കമ്മിഷന് സാധിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നവംബര്‍ 15ന് ശേഷം അപേക്ഷിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വന്നതോടെ കാര്‍ഡുകളുടെ പ്രിന്റിങ്ങും മറ്റും തടസപ്പെട്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്ത വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഫോട്ടോപതിച്ച മറ്റു രേഖകള്‍ ഹാജരാക്കി വോട്ട് ചെയ്യാമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്റെ അവസാന വോട്ടര്‍പട്ടിക പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് ആകെ കന്നിവോട്ടര്‍മാര്‍ 5,49,969 എണ്ണമാണുള്ളത്. ഇതില്‍ 2,97,835 ആണ്‍കുട്ടികളും 2,52,029 പെണ്‍കുട്ടികളുമാണ്. 35 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."