ജമ്മു കശ്മീര്‍: പി.ഡി.പിയെ പിളര്‍ത്തി ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പിയെ പിളര്‍ത്തി ജമ്മുകശ്മീര്‍ തനിച്ചുഭരിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ വിജയത്തിലേക്ക്. മഹ്ബൂബാ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ട് ശരിവച്ച് ഒരുവിഭാഗം പി.ഡി.പി എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പി.ഡി.പിയുടെ 28 എം.എല്‍.എമാരില്‍ 18 പേരാണ് ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ സന്നദ്ധത അറിയിച്ചത്. ബി.ജെ.പി- പി.ഡി.പി സര്‍ക്കാര്‍ വീണതിനുപിന്നാലെ ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മുകശ്മീരില്‍ ഇതോടെ ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വരുമെന്ന് ഏറെക്കുറേ ഉറപ്പായി.
കഴിഞ്ഞമാസം 19നാണ് പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചത്. അതിനു ശേഷം സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുകയാണ്. ഇതിനു ശേഷം പി.ഡി.പിയെ പിളര്‍ത്തി പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി. ഇതുമണത്തറിഞ്ഞ പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തി ബി.ജെ.പിക്കു മുന്നറിയിപ്പു നല്‍കുകയുണ്ടായി. പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എമാര്‍ ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മെഹബൂബ ആരോപിച്ചത്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നവരെല്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നതെന്നും മഹ്ബൂബ മുന്നറിയിപ്പ് നല്‍കി.
പിന്നാലെ മെഹബൂബക്കെതിരേ ജാവേദ് ഹസന്‍, ഇംറാന്‍ അന്‍സാരി, അബ്ദുല്‍ മജീദ് പഡ്ഡര്‍ എന്നീ പി.ഡി.പി എം.എല്‍.എമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു പരസ്യവിമര്‍ശനവുമായി രംഗത്തുവരികയുംചെയ്തു. പി.ഡി.പി മുന്‍ നേതാവും മെഹബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സഈദിന് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ടു ഞങ്ങള്‍ക്കു സാധിക്കില്ലെന്നായിരുന്നു പഡ്ഡറിന്റെ പ്രതികരണം. ഇവര്‍ക്കു മുമ്പ് ദിബാല്‍ ആബിദ് അന്‍സാരി, ടാങ്മാന്‍ഗ് അബ്ബാസ് വാനി എന്നീ എം.എല്‍.എമാരും മെഹബൂബയെ വിമര്‍ശിച്ചുരംഗത്തുവന്നിരുന്നു.
87 അംഗ ജമ്മുകശ്മീര്‍ നിയമസഭയില്‍ 44 പേരുടെ പിന്തുണയാണു സര്‍ക്കാര്‍ രൂപീകരണത്തിനു വേണ്ടത്. 18 എം.എല്‍.എമാര്‍ പഡ്ഡര്‍ നേതൃത്വം നല്‍കുന്ന വിമത പി.ഡി.പിക്കുണ്ട് എന്ന വാദം ശരിയാണെങ്കില്‍ ബി.ജെ.പിയുടെ 25 അംഗബലവും കൂടി കൂട്ടിയാല്‍ 43 ആയി. പിന്നീട് വേണ്ടത് ഒരു അംഗത്തിന്റെ പിന്തുണയാണ്. പീപ്പിള്‍ക് കോണ്‍റന്‍സ് പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരുടെ പിന്തുണ കൂടി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
പാര്‍ട്ടിയിലെ വിമതപ്രര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ മെഹബൂബ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ വലിയതോതിലുള്ള നേതൃമാറ്റവും ഉണ്ടാവും. വിമത എം.എല്‍.എമാരും മജീദ് പഡ്ഡറിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."