അനില്‍ അംബാനിക്ക് ഫ്രാന്‍സില്‍ കോടികളുടെ നികുതിയിളവും
ന്യൂഡല്‍ഹി: റാഫേല്‍ കരാറിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സില്‍ 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവ് ലഭിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്. ഫ്രഞ്ച് ദിനപത്രമായ ലെ മോന്തെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അനില്‍ അംബാനിയുടെ ഫ്രാന്‍സിലെ ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സിനാണ് നികുതിയിളവ് ലഭിച്ചത്. കമ്പനി അതുവരെ നികുതി വെട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയായിരുന്നു. 151 ദശലക്ഷം യൂറോയായിരുന്നു റിലയന്‍സ് നികുതി അടയ്ക്കാനുണ്ടായിരുന്നത്. റാഫേല്‍ കരാറിന് ആറു മാസത്തിനു ശേഷം ഇത് 7.3 ദശലക്ഷം യൂറോയായി കുറച്ചുനല്‍കി. റാഫേല്‍ കരാറില്‍ പൊതുമേഖലാ കമ്പനിയായ എച്ച്.എ.എല്ലിനെ ഒഴിവാക്കി 30,000 കോടിയുടെ ഓഫ്‌സെറ്റ് കരാര്‍ റിലയന്‍സിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഫ്രാന്‍സില്‍നിന്ന് നികുതിയിളവ് ലഭിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
2007-2010 കാലത്ത് റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് നടത്തിയ 60 ദശലക്ഷം യൂറോയുടെ നികുതി തട്ടിപ്പാണ് ഫ്രാന്‍സ് അധികൃതര്‍ അന്വേഷിച്ചിരുന്നത്. 7.6 ദശലക്ഷം അടയ്ക്കാമെന്നും ബാക്കി തുക ഒഴിവാക്കിത്തരണമെന്നും റിയലന്‍സ് അറിയിച്ചെങ്കിലും നികുതി അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് 2010-12ല്‍ നടത്തിയ അന്വേഷണത്തില്‍ 91 ദശലക്ഷം യൂറോയുടെ തട്ടിപ്പു കൂടി കണ്ടെത്തി. ആകെ 151 ദശലക്ഷം യൂറോയുടെ തട്ടിപ്പ് നടത്തിയതായായിരുന്നു അതുവരെ കണ്ടെത്തിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കെ 2015 ഏപ്രിലില്‍ പാരിസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അതുവരെ നടന്ന കരാര്‍ ചര്‍ച്ചകളെ മറികടന്ന് 36 റാഫേലുകള്‍ വാങ്ങുന്നതായി നാടകീയമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ അഴിമതി ആരോപിക്കപ്പെടുന്ന 30,000 കോടിയുടെ ഓഫ്‌സെറ്റ് കരാര്‍ റിലയന്‍സ് നേടുകയും ചെയ്തു. ആറു മാസത്തിനു ശേഷം നികുതി അധികൃതര്‍ റിലയന്‍സിന്റെ നികുതി കുടിശിക 151 ദശലക്ഷത്തില്‍നിന്ന് 7.3 ദശലക്ഷമാക്കി കുറച്ചുനല്‍കി.
36 റാഫേലുകള്‍ വാങ്ങുന്നതിന്റെ തുടര്‍ ചര്‍ച്ചകള്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന 2015 ഫെബ്രുവരിക്കും ഒക്ടോബറിനും ഇടയിലുള്ള കാലത്താണ് അംബാനിക്ക് നികുതിയിളവും ലഭിക്കുന്നത്. 2016 സെപ്റ്റംബറില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 7.87 ബില്യന്‍ യൂറോയുടെ കരാറൊപ്പുവച്ചു. ഇതില്‍ 50 ശതമാനം ഓഫ്‌സെറ്റ് വ്യവസ്ഥകളും ഫ്രാന്‍സിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായിരുന്നു. റാഫേല്‍ നിര്‍മാതാക്കളായ ദെസാള്‍ട്ട് ഏവിയേഷന്‍ ഓഫ്‌സെറ്റ് പാര്‍ട്ണറായി പ്രതിരോധമേഖലയില്‍ മുന്‍പരിചയമില്ലാത്ത റിലയന്‍സിനെ തിരഞ്ഞെടുത്തത് മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് കരാറൊപ്പിടുമ്പോള്‍ ഫ്രാന്‍സ് പ്രസിഡന്റായിരുന്ന ഫ്രാങ്കോയിസ് ഒളാന്തെ പറഞ്ഞിരുന്നു. ഇന്ത്യാ സര്‍ക്കാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഫ്രാന്‍സിനു മുന്നില്‍ മറ്റു വഴിയുണ്ടായില്ലെന്നും ഒളാന്തെ പറഞ്ഞു. ഇതിനു പിന്നാലെ കരാറില്‍ ഇന്ത്യയുടെ ഔദ്യോഗിക ചര്‍ച്ചാ ടീമിനെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സമാന്തര ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു.
യു.പി.എ കാലത്ത് ഒരു റാഫേല്‍ വിമാനത്തിന് 526.10 കോടിയായി നിശ്ചയിച്ചിരുന്ന വില മോദി വിമാനമൊന്നിന് 1670.70 കോടി രൂപയാക്കി വര്‍ധിപ്പിച്ചാണ് കരാറൊപ്പിട്ടത്. ഈ വര്‍ധന റിലയന്‍സിന്റെ നികുതികുടിശിക കൂടി ഉള്‍പ്പെട്ടതാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മാതൃകമ്പനിയുള്ളത്
കരിമ്പട്ടികയിലുള്ള രാജ്യത്ത്
ന്യൂഡല്‍ഹി: നികുതി തട്ടിപ്പ് കേസില്‍ ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് ഫ്രാന്‍സിലെ ടെലികോം മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബര്‍മുഡയില്‍ രജിസ്റ്റര്‍ ചെയ്ത റിലയന്‍സ് ഗ്ലോബല്‍കോം ലിമിറ്റഡാണ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സിന്റെ മാതൃകമ്പനി. വ്യാപകമായി കള്ളപ്പണനിക്ഷേപമുള്ളതിനാല്‍ യൂറോപ്യന്‍ യൂനിയന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ രാജ്യമാണ് ബര്‍മുഡ. കള്ളപ്പണനിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ബര്‍മുഡയെ യൂറോപ്യന്‍ യൂനിയന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ചോദ്യങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ച സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള കരാര്‍ റദ്ദാക്കി 36 വിമാനങ്ങള്‍ സാങ്കേതികവിദ്യയില്ലാതെ മൂന്നിരട്ടി വിലയ്ക്ക് ധൃതിപിടിച്ചു വാങ്ങാന്‍ മോദി നിശ്ചയിച്ചത് അംബാനിയെ സഹായിക്കാനായിരുന്നോയെന്ന് കോണ്‍ഗ്രസ്.
മോദി ഫ്രാന്‍സില്‍ എത്തുംമുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കണ്ടത് എന്തിനായിരുന്നു. ഒരു വിമാനം പോലും ലഭിക്കാതെ ഇന്ത്യ പണം നല്‍കാന്‍ തുടങ്ങിയതും ദെസാള്‍ട്ട് അനില്‍ അംബാനിയുടെ കമ്പനിയില്‍ 284 കോടി നിക്ഷേപം നടത്തുകയും ചെയ്തത് എന്തിനായിരുന്നു. മോദി നേരത്തെ നിശ്ചയിച്ചതിലും ഉയര്‍ന്ന വിലയ്ക്ക് റാഫേല്‍ വാങ്ങുമെന്ന് പ്രഖ്യാപിക്കുന്നു. ഫ്രാന്‍സ് അനില്‍ അംബാനിക്ക് 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവ് നല്‍കുന്നു. അതു രണ്ടും തമ്മില്‍ ബന്ധമില്ലേയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ചോദിച്ചു.
നികുതിയിളവിന്
റാഫേലുമായി
ബന്ധമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സില്‍ നികുതി ഇളവു കിട്ടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.
അംബാനിക്ക് നികുതിയിളവ് കിട്ടിയതിന് റാഫേലുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കരാറിന്റെയും നികുതിയിളവിന്റേയും കാലഘട്ടം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും മന്ത്രാലയം പറയുന്നു. റാഫേല്‍ ഇടപാടിന്റെ ഒരുഘട്ടത്തിലും നികുതി ഇളവ് ഒരു വിഷയമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."