കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണം: എന്‍.കെ പ്രേമചന്ദ്രന് എം.പി കത്തുനല്‍കി
കൊല്ലം: പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയിലൂടെ പുതിയതായി അനുവദിച്ച പാലരുവി എക്സ്പ്രസ്സിന് ഇടമണില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും പുനലൂര്‍ വരെ വെട്ടിച്ചുരുക്കിയ പാലക്കാട്-ഇടമണ്‍ പാലരുവി എക്സ്പ്രസ്സ് ചെങ്കോട്ട വരെ ദീര്‍ഘിപ്പിക്കണമെന്നും പുനലൂര്‍-ചെങ്കോട്ട പാസ്സഞ്ചര്‍ തീവണ്ടിയുടെ സമയം രാവിലെയും വൈകുന്നേരവുമായി മാറ്റണമെന്നും ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന് എം.പി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും മധുര ഡിവിഷണല്‍ റയില്‍വേ മാനേജര്‍ക്കും കത്ത് നല്കി.
പാലരുവി എക്സ്പ്രസ്സ് തിരുനെല്‍വേലി വരെ നീട്ടിയെങ്കിലും ഇടമണില്‍ സ്റ്റോപ്പ് അനുവദിച്ചില്ല. ഇടമണ്‍ വരെ ഉണ്ടായിരുന്ന ഗുരുവായൂര്‍ എക്സ്പ്രസ്സ് പുനലൂര്‍ വരെയാക്കി ചുരുക്കി. ജനവാസകേന്ദ്രമായ ഇടമണിലെ ജനങ്ങളുടെ യാത്രാസൗകര്യമാണ് പരിഷ്കാരം മൂലം ഇല്ലാതായത്. കൊല്ലം മുതല്‍ ചെങ്കോട്ട വരെ പാസ്സഞ്ചര്‍ തീവണ്ടി ദീര്‍ഘിപ്പിച്ചുവെങ്കിലും തീവണ്ടി സമയം യാത്രക്കാരുടെ സൗകര്യപ്രദമായ വിധത്തിലല്ല. ഉച്ചയ്ക്ക് തീവണ്ടി ഓടിക്കുന്നതുമൂലം രാവിലെയും വൈകുന്നേരവുമുള്ള സ്ഥിരം യാത്രക്കാര്‍ക്ക് തീവണ്ടിയുടെ പ്രയോജനം ലഭിക്കുന്നില്ല. ജനങ്ങളുടെ യാത്രാസൗകര്യം കൂടി പരിഗണിച്ചു വേണം തീവണ്ടിയുടെ സമയം ക്രമീകരിക്കുവാന്‍. കൊല്ലം-ചെങ്കോട്ട തീവണ്ടി രാവിലെയും വൈകുന്നേരവുമുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വിധം പുനഃക്രമീകരിക്കണമെന്നും എം.പി നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."