പൊന്നാനിയില്‍ മുണ്ടിവീക്കം പടരുന്നു
പൊന്നാനി: മുണ്ടിവീക്കം പൊന്നാനിയിലും പരിസരങ്ങളിലും പടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പൊന്നാനിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തിയത് 150ലധികം കുട്ടികള്‍.
ഇന്നലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി കുട്ടികളില്‍ മുണ്ടിവീക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. കുട്ടികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതല്‍ കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നു മുതല്‍ പൊന്നാനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മുണ്ടിവീക്കം എന്ന മുണ്ടിനീര് വായുവിലൂടെ പകരുന്ന വൈറസ് മൂലമുള്ള രോഗമാണ്. ഉമിനീര്‍ ഗ്രന്ഥികള്‍, ആഗ്‌നേയ ഗ്രന്ഥി, വൃഷണങ്ങള്‍, അണ്ഡാശയം എന്നിവയെയും അപൂര്‍വമായി തലച്ചോറിനെയും രോഗം ബാധിക്കാറുണ്ട്. ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് രോഗം ബാധിച്ചാല്‍ കവിളിലും താടിയെല്ലിന്റെ കീഴ്ഭാഗത്തെ ഗ്രന്ഥികളിലും വീക്കം കാണാം. രോഗലക്ഷണമായി ശക്തമായ പനിയും തലവേദനയും ചിലപ്പോള്‍ ഛര്‍ദിയുമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗമുള്ളയാളുമായി സമ്പര്‍ക്കമുണ്ടായാല്‍ രണ്ടാഴ്ച കഴിഞ്ഞാലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.
രോഗം മാറുംവരെ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കണം. രോഗികള്‍ നല്ലരീതിയില്‍ വായും പല്ലുകളും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗബാധ തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."