കാറ്റും മഴയും: ഒറ്റപ്പാലത്ത് നിരവധി വീടുകള്‍ തകര്‍ന്നു
ഒറ്റപ്പാലം: കാറ്റിലും മഴയിലും ഒറ്റപ്പാലത്ത് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. അമ്പലപ്പാറ, ലെക്കിടി വരോട്, മാന്നന്നൂര്‍ ഇവിടങ്ങളിലാണ് മരങ്ങള്‍ കടപുഴകിവീണ് വീടുകള്‍ തകര്‍ന്നത്. പലയിടങ്ങളിലും ഗതാഗത തടസവുമുണ്ടായി. ശനിയാഴ്ച വൈകിട്ടോടെയുണ്ടായ കാറ്റിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. കാറ്റിലും മഴയിലുമായി വേങ്ങശ്ശേരി അകവണ്ട നെച്ചിക്കാട്ടില്‍ ശിവദാസന്റെ വീട് ഭാഗികമായി തകര്‍ന്നു.
പഴയ ലെക്കിടി തെക്കന്‍ഞ്ച റോഡ് പടിഞ്ഞാറക്കര അസീസിന്റെ വളപ്പിലെ പുളി മരം വീണ് വീട് ഭാഗികമായും തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു. തൊഴുത്തിലുണ്ടായിരുന്ന അഞ്ചുപശുക്കള്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.
പാലക്ക പള്ളിയാലില്‍ സലീമിന്റെയും, പടിഞ്ഞാറക്കര ഹംസയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളിലേക്കും മരങ്ങള്‍ വീണു. ഒറ്റപ്പാലം മായന്നൂര്‍ പാലത്തിനു സമീപം കറുപ്പസ്വാമി നിലയത്തില്‍ പഴനി സ്വാമിയുടെ വീട് ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
റെയില്‍വേയുടെ സ്ഥലത്തുള്ള തേക്കുമരം കാറ്റില്‍ പകുതിയില്‍നിന്ന് പൊട്ടി വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഷീറ്റുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കുണ്ടായ കാറ്റില്‍ അമ്പലപ്പാറ അറവക്കാട് പൊട്ടച്ചിറ രാജന്റെ വീടിന് മുകളിലും മരം പൊട്ടിവീണു.
വീട് ഭാഗികമായി തകര്‍ന്ന് പന്തക്കളത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ വീടും മരം വീണ് തകര്‍ന്നു. മനിശ്ശിരി തൃക്കങ്ങോട് പാലക്കല്‍ പറമ്പില്‍ നാരായണന്‍കുട്ടിയുടെ വീടും മരം വീണ് ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത വളപ്പിലെ മരം പൊട്ടിവീഴുകയായിരുന്നു.
ഒറ്റപ്പാലത്തും അമ്പലപ്പാറയിലും ലക്കിടിയിലും വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അവധി ദിവസങ്ങളായതിനാല്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അഭാവം പ്രകടമായിരുന്നു. ശനിയാഴ്ച വൈകിട്ടുണ്ടായ കാറ്റിലാണ് കൂടുതല്‍ നാശനഷ്ടം.
അമ്പലപ്പാറ കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയില്‍ മനക്കലപ്പടി, മൈലപ്പുറം പിലാത്തറ മിച്ചഭൂമി, ചുനങ്ങാട് മലപ്പുറം മലമുക്ക് പ്രദേശങ്ങളിലായും, ഒറ്റപ്പാലം കെ.എസ്.ഇ.ബി ഓഫിസ് പരിധിയിലുമായി മുപ്പതോളം വൈദ്യുതി പോസ്റ്റുകള്‍ ആണ് നിലംപൊത്തിയത്. നിരവധി വൈദ്യുതി ലൈനുകളും പൊട്ടിയനിലയിലാണ്.
കനത്ത മഴയിലും, കാറ്റിലുമായാണ് മരങ്ങള്‍ കടപുഴകുകയും, വൈദ്യുതി ലൈനുകളിലേക്ക് മറിഞ്ഞുമാണ് വൈദ്യുതി പോസ്റ്റുകള്‍ കടപുഴകുകയും, പൊട്ടിമുറിയുകയും ചെയ്തത്. ശനിയാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റടിച്ചത്. ഇതോടെ ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം ഇല്ലാതായിട്ട് മൂന്നുദിവസം പിന്നിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."