വനം വകുപ്പിലെ വാച്ചര്‍മാര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ല
മുള്ളേരിയ: വനം വകുപ്പിലെ താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് മൂന്നുമാസമായി ശമ്പളം ലഭിച്ചില്ല. കാറഡുക്ക, പരപ്പ, പാണ്ടി സെക്ഷനുകീഴിലെ താല്‍ക്കാലിക വാച്ചര്‍മാരാണ് ശമ്പളമില്ലാതെ വലയുന്നത്. കഴിഞ്ഞ ഡിസംബറിനുശേഷം ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഒരു ദിവസം ജോലി ചെയ്താല്‍ 630 രൂപയാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനം. 26 ദിവസം ജോലി ചെയ്താല്‍ സാങ്കേതികപ്രശ്നങ്ങള്‍ പറഞ്ഞ് ഇരുപത് ദിവസത്തെ ശമ്പളം മാത്രമാണ് ഇവര്‍ക്കു നല്‍കുന്നത്.
ഇതു പോലും കൃതൃമായി ലഭിക്കാതായിട്ട് മൂന്നുമാസം പിന്നിട്ടു. ഫണ്ടില്ലെന്ന കാരണത്താല്‍ ശമ്പളം മുടങ്ങിയതോടെ ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലായ അവസ്ഥയാണ്.
സ്ഥിരം ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം ലഭിക്കുമ്പോള്‍ മഴയും വെയിലും വകവെക്കാതെ വനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വാച്ചര്‍മാരെയാണ് കൃത്യമായി ശമ്പളം നല്‍കാതെ വനംവകുപ്പ് അധികൃതര്‍ ദുരിതത്തിലാകുന്നത്. റേഞ്ച് ഓഫിസില്‍നിന്ന് നല്കുന്ന തൊഴിലാളികളുടെ ഹാജര്‍ പട്ടിക പരിശോധിച്ച് ഡിവിഷണല്‍ ഓഫിസില്‍ നിന്നാണ് ശമ്പളം അനുവദിക്കുന്നത്.
എന്നാല്‍ ഡിവിഷണല്‍ ഓഫിസില്‍ അത് കൈകാര്യം ചെയ്യുന്നവരുടെ അനാസ്ഥയാണ് ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കിയതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."