യു.എസ്.എസ് പരീക്ഷാ ഫലം: അക്കാദമിക പദ്ധതി ഫലം കണ്ടു; ജില്ലയില്‍ ഒന്നാമതായി ചെറുവത്തൂര്‍ ഉപജില്ല
ചെറുവത്തൂര്‍: യു.എസ്.എസ് പരീക്ഷാവിജയത്തില്‍ വന്‍ കുതിപ്പുമായി ചെറുവത്തൂര്‍ ഉപജില്ല. 224 കുട്ടികളെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാക്കി ജില്ലയില്‍ ഒന്നാമതെത്തി. 90 കുട്ടികളാണ് കഴിഞ്ഞ തവണ വിജയം നേടിയത്. എല്‍.എസ് എസ്, യു.എസ്.എസ് പൊതുപരീക്ഷകളുടെ വിജയ ശതമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചെറുവത്തൂരില്‍ നടപ്പാക്കിയ അക്കാദമിക പദ്ധതിയാണ് മികച്ച വിജയത്തിലേക്ക് നയിച്ചത്. ജൂണില്‍ തന്നെ അധ്യാപകരുടെ പ്രത്യേക കൂട്ടായ്മ രൂപപ്പെടുത്തിയിരുന്നു.
സ്വകാര്യ പ്രസാധകരുടെ ഗൈഡുകളെ ഇത്തവണ ഈ ഉപജില്ലയിലെ അധ്യാപകര്‍ക്കോ കുട്ടികള്‍ക്കോ ആശ്രയിക്കേണ്ടി വന്നില്ല. ഓരോ പാഠത്തെയും അടിസ്ഥാനമാക്കി മാതൃകാചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അധ്യാപകര്‍ തന്നെ 'ചെപ്പ് ' എന്ന പേരില്‍ പുസ്തകം തയാറാക്കി. ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും പുസ്തകം സൗജന്യമായി എത്തിച്ചു. എല്‍. എസ്.എസ്, യു.എസ്.എസ് പൊതുപരീക്ഷയ്ക്ക് ഒന്നര മാസം മുന്‍പേ മാതൃകാ പരീക്ഷയും നടത്തി. മാതൃകാപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ തയാറാക്കിയതും ഉപജില്ലയിലെ അധ്യാപക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ തന്നെ.
പരീക്ഷ നടന്ന അന്നുതന്നെ ഫലപ്രഖ്യാപനം നടത്തുകയും ഓരോ കുട്ടിക്കും പ്രയാസമുള്ള മേഖലകള്‍ കണ്ടെത്തി പരിശീലനം കാര്യക്ഷമമാക്കുകയും ചെയ്തു. ഓണ്‍ലൈന്‍ മാതൃകാപരീക്ഷകളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമങ്ങളും വിജയശതമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.കെ വിജയകുമാര്‍, ബി.പി.ഒ പി.വി ഉണ്ണിരാജന്‍ പറഞ്ഞു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ഗിഫ്റ്റഡ് ചില്‍ഡ്രനില്‍ 14 പേരും ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നുള്ളവരാണ്. ചന്തേര ഗവ. യു.പി സ്‌കൂള്‍ (28) ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂള്‍ ( 26) , ജി.യു.പി.എസ് പിലിക്കോട് (21) എന്നീ വിദ്യാലയങ്ങള്‍ ഉപജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ചെറുവത്തൂര്‍- 224, ഹൊസ്ദുര്‍ഗ് - 121, ബേക്കല്‍ - 76, ചിറ്റാരിക്കല്‍ - 43, കാസര്‍കോട് -97, കുമ്പള - 44, മഞ്ചേശ്വരം 17 എന്നിങ്ങനെയാണ് ഉപജില്ലകളും വിജയികളുടെ എണ്ണവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."