ഉദ്ദേശിച്ച ഫലമുണ്ടായില്ല; ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ നിര്‍ത്തി
തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കമായ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് സര്‍ക്കാര്‍ തിരശീലയിട്ടു. ഡിസംബര്‍, ജനുവരി മാസങ്ങളിലായി 45 ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഷോപ്പിങ് ഫെസ്റ്റിവല്‍.
ഷോപ്പിങ് ഫെസ്റ്റിവല്‍ സമയത്ത് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയുടെ പരാജയവും ഖജനാവിന് വന്‍നഷ്ടമുണ്ടാകുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ജി.കെ.എസ്.എഫ് നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2007ലാണ് ചെറുകിട, വന്‍കിട വ്യാപാര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കേരളത്തെ ഒരു ഷോപ്പിങ് കേന്ദ്രമാക്കി മാറ്റാന്‍ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഇതിനായി മാനേജിങ്ങ് ഡയരക്ടറെയും ആവശ്യത്തിന് ഉദ്യോഗസ്ഥരെയും നിയമിക്കുകയും ചെയ്ത് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2015ല്‍ ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള ഇയറുമായി ജി.കെ.എസ്.എഫിനെ ബന്ധപ്പെടുത്തി. ടൂറിസം കലണ്ടറില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു.
സാധനം വാങ്ങുന്നവര്‍ക്ക് വിവിധ സമ്മാനങ്ങളും സ്വര്‍ണ നാണയവും കോടി രൂപയുമായിരുന്നു സമ്മാനം. സാധനം വാങ്ങുമ്പോള്‍ ബില്ലിനൊപ്പം കൂപ്പണും നല്‍കുമായിരുന്നു. ചെറുകിട, വന്‍കിട സ്ഥാപനങ്ങള്‍ ജി.കെ.എസ്.എഫില്‍ അംഗങ്ങളായിരുന്നു. കടകളില്‍ നിന്നുള്ള നികുതി കൃത്യമായി സര്‍ക്കാരിന് ലഭിക്കുന്നതിനു വേണ്ടിയാണ് ഒന്നരമാസത്തെ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ സമയം കോടികളുടെ കച്ചവടമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഫെസ്റ്റിവല്‍ നടത്തിപ്പിനായി കോടികളാണ് സര്‍ക്കാര്‍ അനുവദിച്ചത്. വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോടികളുടെ പരസ്യവും നല്‍കിയിരുന്നു. 2007 മുതല്‍ 2012വരെ ഏതാണ്ട് 143.45 കോടി ചെലവാക്കിയതില്‍ 105 കോടിയുടെ നഷ്ടമുണ്ടായതായി സി.എ.ജി കണ്ടെത്തിയിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കടല്‍ ഉല്‍പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഷോപ്പിങ് ഫെസ്റ്റിവല്‍ സമയത്ത് ലഭ്യമാക്കുന്നില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ഷോപ്പിങ് ഫെസ്റ്റിവല്‍ സമയത്ത് ചില വ്യാപാരികള്‍ സഹകരിക്കില്ലെന്ന നിലപാടെടുത്തു. തുടര്‍ന്ന് ഇടത് ബന്ധമുള്ള വ്യാപാരികളെ ഉള്‍പ്പെടുത്തിയാണ് ജി.കെ.എസ്.എഫ് സംഘടിപ്പിച്ചത്. ഇത് വിജയം കണ്ടതുമില്ല. സര്‍ക്കാരിന് നഷ്ടവും ഉണ്ടായി. ടൂറിസം വകുപ്പിന് കീഴില്‍ വരുന്നതിനു മുന്‍പ് വന്‍ അഴിമതിയാണ് നടന്നതെന്നും ആരോപണമുണ്ടായി.
ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജി.കെ.എസ്.എഫ് നിര്‍ത്താന്‍ തീരുമാനിച്ചത്. ജി.കെ.എസ്.എഫിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ഡപ്യൂട്ടേഷനില്‍ വന്ന ഭൂരിഭാഗം ജീവനക്കാരേയും മാതൃവകുപ്പുകളിലേക്ക് മടക്കി അയക്കുകയും ചെയ്തു.
നിലവില്‍ ടൂറിസം വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ക്ക് ജി.കെ.എസ്്.എഫ് ഡയരക്ടറുടെ ചുമതല നല്‍കിയിട്ടുണ്ട്. കുറച്ചു പേര്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പ് ജോലി നോക്കുന്നുണ്ട്. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ഇവരും മാതൃവകുപ്പുകളിലേക്ക് മടങ്ങും. പതിനൊന്നു വര്‍ഷമായി തുടരുന്ന ഷോപ്പിങ് മാമാങ്കത്തിനാണ് ഇടതു സര്‍ക്കാര്‍ തിരശീലയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."