മുഖ്യമന്ത്രി കരിഞ്ചോല സന്ദര്‍ശിക്കാത്തത് ഗുരുതര കൃത്യവിലോപം
താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ പ്രകൃതിദുരന്തം നടന്ന് മാസം ഒന്നുകഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കുകയോ ദുരന്തബാധിതര്‍ക്കാവശ്യമായ നഷ്ടപരിഹാരം അനുവദിക്കുകയോ ചെയ്യാത്ത നടപടി ഗുരുതരമായ കൃത്യവിലോപമാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം പ്രസ്താവിച്ചു.
കൊടുവള്ളി മണ്ഡലം എസ്.ടി.യു കമ്മിറ്റി താമരശ്ശേരി താലൂക്ക് ഓഫിസിന് മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ടി.പി വധക്കേസിലെ പ്രതികളെ ജയിലില്‍ പോയി കാണാന്‍ സമയമുള്ള മുഖ്യമന്ത്രി അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിനിരയായവരെ കാണാനോ സഹായം നല്‍കാനോ തയ്യാറാവാത്തത് എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സമ്പൂര്‍ണ പുനരധിവാസ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പല വീടുകളിലായി കഴിയുന്നു. എല്ലാം നഷ്ടപ്പെട്ട് വാടകവീടുകളിലും മറ്റും കഴിയുന്ന കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി അനുവദിക്കണം. ഭാഗികമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് പേരിന് മാത്രമായ സഹായമാണ് ലഭിച്ചത്. നിരവധി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമാക്കാന്‍ ഉടന്‍ സംവിധാനമേര്‍പ്പെടുത്തണം. പ്രദേശത്ത് ജനങ്ങളുടെ ജീവന് ഭീഷണിയായി നില്‍ക്കുന്ന ഏത് നേരവും താഴേക്ക് പതിക്കാനിരിക്കുന്ന പാറക്കല്ലുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഷ്‌റഫ് കൂടത്തായി സ്വാഗതം പറഞ്ഞു. അഡ്വ. വേളാട്ട് അഹമ്മദ്, ജാഫര്‍ സക്കീര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, സലീം നരിക്കുനി, യു.പി മുഹമ്മദ്, കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, റഫീഖ് കൂടത്തായി, ഹാരിസ് അമ്പായത്തോട്, സുബൈര്‍ വെഴുപ്പൂര്‍, കെ.കെ സലാം, ടി.കെ കാസിം, ടി.കെ ജീലാനി, കമ്മു ചുങ്കം, കെ.കെ ഹംസക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."