ബലിപെരുന്നാള്‍ ദിനത്തില്‍ 50,000 പേര്‍ക്ക് ഭക്ഷണ കിറ്റുകള്‍ കൊവിഡ് കാലത്തും പ്രവാസികളെ ചേര്‍ത്തുപിടിച്ച് ഖത്തര്‍
ദോഹ: കൊവിഡ് കാലത്ത് താമസസ്ഥലങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ വിധിക്കപ്പെട്ട പ്രവാസികളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഖത്തര്‍. താമസസ്ഥലങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ സഹായമെത്തിച്ചും രോഗവ്യാപനം തടയാനുള്ള സന്ദേശം നല്‍കിയുമാണ് ഖത്തര്‍ പ്രവാസി സമൂഹത്തിന് താങ്ങായത്. ഖത്തറിലെ 17 രാജ്യങ്ങളില്‍നിന്നുള്ള 50,000 പ്രവാസികള്‍ക്കാണ് പെരുന്നാള്‍ ആഘോഷിക്കാനുള്ള ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. 25,000 ഭക്ഷണ കൂപ്പണുകള്‍ ഇതോടനുബന്ധിച്ച് വിതരണം ചെയ്തു. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നടത്തിയ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ഇത്രയും പേര്‍ക്ക് സഹായമെത്തിച്ചത്.
ലുസൈലിലെ ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് പെരുന്നാള്‍ ദിനത്തില്‍ നടന്ന ചടങ്ങില്‍ വിതരണോദ്ഘാടനം നടന്നു. എംബസികളെയും സാമൂഹ്യസംഘടനകളെയും പ്രതിനിധീകരിച്ച് നാല്‍പതോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം, ഖത്തര്‍ ചാരിറ്റി, ഒറേഡു എന്നിവ സംയുക്തമായാണ് പദ്ധതി ഒരുക്കിയത്.
ഇന്ത്യയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, കെ.എം.സി.സി, തൃശൂര്‍ സൗഹൃദവേദി, കേരള കള്‍ച്ചറല്‍ സെന്റര്‍ എന്നീ സംഘടനകള്‍ വഴിയും ഫിലിപ്പൈന്‍സ്, എത്യോപ്യ, ഉഗാണ്ട, പാകിസ്താന്‍, ഇന്തോനേഷ്യ തുടങ്ങിയ 16 രാജ്യങ്ങളിലെ വിവിധ സാമൂഹിക സംഘടനകള്‍ വഴിയുമാണ് ഭക്ഷണ കൂപ്പണുകള്‍ വിതരണം ചെയ്തത്. പെരുന്നാള്‍ സന്തോഷം പങ്കുവയ്ക്കുന്നതിനായി ഈദ് സന്ദേശ കാര്‍ഡുകളും കിറ്റുകള്‍ക്കൊപ്പം വിതരണം ചെയ്തിരുന്നു. പുറമെ ഉമ്മുസുലാലില്‍ ക്വാരന്റൈനില്‍ കഴിയുന്നവര്‍ക്ക് 4000 ഗിഫ്റ്റുകളും റീചാര്‍ജ് കൂപ്പണുകളും വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രത്യേക രജിസ്‌ട്രേഷന്‍ വഴിയാണ് പദ്ധതിയുടെ പ്രയോജനം മുഴുവന്‍ പേരിലേക്കുമെത്തിച്ചത്. രജിസ്‌ട്രേഷനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ക്ക് പദ്ധതി പരിചയപ്പെടുത്തുകയും ഇതിന് ഖത്തര്‍ ചാരിറ്റി മേല്‍നോട്ടംവഹിക്കുകയും ചെയ്യുകയായിരുന്നു. ഖത്തര്‍ ചാരിറ്റിയും അല്‍ മീറയുടെ വിവിധ ബ്രാഞ്ചുകളും വഴിയുമാണ് കിറ്റുകള്‍ പ്രവാസികളിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."