ദേശീയ സ്കൂള്‍ കയാക്കിങ്: ടീം പുറപ്പെട്ടു
ആലപ്പുഴ : ദേശീയ സ്കൂള്‍ കനോയിങ് - കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുക്കാനായി കേരള ടീം ഇന്നലെ ആലപ്പുഴയില്‍നിന്നും പുറപ്പെട്ടു. താരങ്ങള്‍ക്ക് കനോയിങ് -കയാക്കിങ് അസോസിയേഷന്റെ താല്‍ക്കാലിക കമ്മിറ്റി ചെയര്മാന് അഡ്വ. അനില്‍ ബോസ് യാത്രയയപ്പ് നല്കി. ടീം അംഗങ്ങള്‍ക്ക് മതിയായ സ്പോര്‍ട്സ് കിറ്റോ അനുബന്ധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ സ്പോര്‍ട്ട്സ് കൗണ്‍സില്‍ തയ്യാറായിട്ടില്ല. താരങ്ങളും താല്‍ക്കാലിക കമ്മിറ്റി അംഗങ്ങളും സ്വന്തമായി പണം ചെലവിട്ടാണ് ടീമിനെ അയച്ചത്. 57 അംഗ ടീമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മെയ് രണ്ടു മുതല്‍ നാലു വരെ ഗ്വാളിയോറിലെ ബിന്ധിലാണ് മത്സരങ്ങള്‍ നടക്കുക.
വിവാദങ്ങള്‍ക്ക് നടുവിലാണ് ടീം പുറപ്പെട്ടത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് നിലവിലെ സംസ്ഥാന കനോയിങ് അസോസിയേഷനെ ദേശീയ ഫെഡറേഷന് പിരിച്ചുവിട്ടിരുന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന തുഴച്ചില്‍ മത്സരങ്ങളിലെ നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതുസംബന്ധിച്ച് ദേശീയ ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ നല്‍കിയില്ല. ആവശ്യം ആവര്‍ത്തിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അസോസിയേഷനെ ദേശീയ ഫെഡറേഷന് പിരിച്ചു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."