താലൂക്ക് ആശുപത്രിയില്‍ 'ഇരുട്ടില്‍ത്തപ്പി' രോഗികള്‍; കുട്ടിക്ക് വീണ് പരുക്ക്
അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ വൈദ്യുതി ഇല്ലാതെ രോഗികള്‍ ഒരു മണിക്കൂറോളം ഇരുട്ടില്‍തപ്പി. ഇതിനിടെ ഇരുട്ടത്ത് തട്ടി വീണ് പിഞ്ചു കുട്ടിയ്ക്ക് പരുക്കേറ്റു.
ഇരുമ്പുപാലം കുപ്പശേരിയില്‍ ധനീഷിന്റെ മകന്‍ ദേവനന്ദന്‍ (4) നാണ് പരുക്ക് പറ്റിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഒ.പി വിഭാഗത്തില്‍ ഡോക്ടറെ കാണാനെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 30 ഓളം പേരാണ് ദുരിതത്തിലായത്.
ഇരുട്ടിനിടെ വീണുപോയ കുട്ടിയെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ തപ്പിയെടുക്കുകയായിരുന്നു. കുട്ടിയുടെ പുരികത്തോട് ചേര്‍ന്ന് മുറിവ് പറ്റിയിട്ടുണ്ട്. എമര്‍ജന്‍സി ലൈറ്റുകള്‍ പോലുമില്ലാതിരുന്ന ആശുപത്രിയില്‍ രോഗികള്‍ തന്നെ മെഴുകുതിരി വാങ്ങി തെളിയ്‌ക്കേണ്ട സ്ഥിതിയായിരുന്നു. ആശുപത്രി ജീവനക്കാരൊന്നും തക്ക സമയത്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചതുമില്ല.
ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ബഹുനില കെട്ടിടത്തില്‍ ജനറേറ്ററടക്കമുള്ള ബദല്‍ സംവിധാനങ്ങളൊന്നും അധികൃതര്‍ ഒരുക്കിയിട്ടില്ല. പഴയ ബ്ലോക്കിലുള്ള ജനറേറ്ററും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."