കൗതുകമുണര്‍ത്തി കുട്ടി പാര്‍ലമെന്റ്
ആലപ്പുഴ: കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ഉപജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സിലും പൊതു വിദ്യാഭ്യാസ വകുപ്പും ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍ മോഡല്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ കൗണ്‍സില്‍ ഹാളിലാണു കുട്ടി പാര്‍ലമെന്റ് നടത്തിയത്. ഇതാദ്യമായാണു നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ നടക്കുന്നത്. നഗരസഭയുടെ പരിധിയില്‍നിന്നുള്ള 60ഓളം വിദ്യാര്‍ഥികള്‍ കുട്ടി പാര്‍ലമെന്റില്‍ പങ്കെടുത്തു.
നയപ്രഖ്യാപനം, സത്യപ്രതിഞ്ജ, അനുശോചനം, ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കല്‍, വാക്കൗട്ട്, മേശപ്പുറത്തു വയ്ക്കുന്ന കടലാസ്, നിയമനിര്‍മാണം എന്നിങ്ങനെ പാര്‍ലമെന്റിന്റെ എല്ലാ നടപടിക്രമങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി. പാര്‍ലമെന്ററി നടപടിക്രമങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ മികച്ച പാര്ലമെന്റേറിയന്മാരായി തിരഞ്ഞെടുത്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും നഗരസഭ സര്‍ട്ടിഫിക്കറ്റുകളും നല്കി.
സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം 60 കുട്ടികളെ ഇന്ത്യന്‍ പാര്‍ലമെന്റ് കാണിക്കാനുള്ള അവസരം നഗരസഭ വാഗ്ദാനം ചെയ്തു. മോഡല്‍ പാര്‍ലമെന്റ് കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം നഗരസഭാ ചെയര്മാന് തോമസ് ജോസഫ് നിര്‍വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജി. മനോജ് കുമാര്‍ അധ്യക്ഷനായി. ബീനാ കൊച്ചുബാവ, ഷോളി സി.എസ്, സി.ഡി ആസാദ്, സാമൂഹ്യശാസ്ത്ര കൗണ്‍സില്‍ സെക്രട്ടറി ഡി. രഞ്ജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."