കൈക്കൂലി നല്‍കിയില്ല; പുല്‍പ്പള്ളിയില്‍ ലൈസന്‍സ് പുതുക്കല്‍ നിര്‍ത്തിവച്ചെന്ന് ആരോപണം
പുല്‍പ്പള്ളി: ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കൈക്കൂലി നല്‍കാത്തതിനാല്‍ മത്സ്യ-മാംസ മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ക്ക് ലൈസന്‍സ് നല്‍കാതെ മാറ്റിവച്ചതായി ആരോപണം.
പുല്‍പ്പള്ളി പഞ്ചായത്തിലെ മത്സ്യ-മാംസ മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 31നകം ലൈസന്‍സ് പുതുക്കണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം മാര്‍ക്കറ്റിലെ സ്റ്റാള്‍ ഉടമകളും നിലവിലുള്ള ലൈസന്‍സ് പുതുക്കുവാന്‍ അപേക്ഷ നല്‍കുവാന്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു.
എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്തധികൃതര്‍ ലൈസന്‍സ് പുതുക്കുവാനുള്ള അപേക്ഷ പോലും സ്വീകരിക്കുവാന്‍ തയാറായില്ല.
പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചില ജനപ്രതിനിധികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.
പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ ഒരു സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുവാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സംഘത്തിന്റെ രേഖകളില്‍ ചേര്‍ക്കാനായി വാങ്ങിയ പണത്തിന് ബില്ല് വേണമെന്ന് സംഘാംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മാലിന്യസംസ്‌കരണത്തിന് സംവിധാനമില്ലെന്ന കാരണത്താല്‍ ലൈസന്‍സ് റദ്ദ്‌ചെയ്യുമെന്ന് ഉദ്യോഗസ്ഥന്‍ ഭീഷണി മുഴക്കിയതായി ഇവര്‍ ആരോപിച്ചു.
ടൗണില്‍ മാവേലി സ്റ്റോറിന് എതിര്‍വശത്ത് ഒരു സ്റ്റേഷനറി കടയുടെ ലൈസന്‍സ് പുതുക്കാന്‍ 3000 രൂപ ഈടാക്കിയെന്നും ആരോപണമുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറമെ പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്ക് നമ്പര്‍ നല്‍കുന്നതിനും വ്യാപകമായി കൈക്കൂലി വാങ്ങുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."