എതിര്‍ ക്യാംപില്‍ ദേശീയ നേതാക്കള്‍, പ്രതിരോധത്തില്‍ സി.പി.എം
കോഴിക്കോട്: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമല വീണ്ടും മുഖ്യ പ്രചാരണ വിഷയമായപ്പോള്‍ സി.പി.എം പ്രതിരോധത്തില്‍. കോണ്‍ഗ്രസ്, ബി.ജെ.പി ക്യാംപില്‍ ദേശീയ നേതാക്കള്‍ അവസാന മണിക്കൂറുകളിലും പ്രചാരണത്തിനായി എത്തുമ്പോള്‍ എല്‍.ഡി.എഫ് ക്യാംപില്‍ അവര്‍ക്കു മറുപടി പറയാന്‍ പോലും നേതാക്കളുടെ അഭാവം പ്രകടമാണ്. ഇതു ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുന്ന പ്രചാരണത്തില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയായിരിക്കുകയാണ്.
എല്‍.ഡി.എഫ് വളരെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിനോടടുത്തപ്പോള്‍ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കുമായി ദേശീയ നേതാക്കളുടെ പട തന്നെ പ്രചാരണത്തിന് എത്തിയതാണ് എല്‍.ഡി.എഫ് ക്യാംപിന് തിരിച്ചടിയായത്. ശബരിമല വിഷയം ചര്‍ച്ചയാക്കാതെയായിരുന്നു എല്‍.ഡി.എഫ് പ്രചാരണം ആരംഭിച്ചതെങ്കിലും പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പ്രസംഗത്തോടെ ശബരിമല കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശബരിമല തന്നെയാക്കി പ്രധാന പ്രചാരണ വിഷയം. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളും ശബരിമലയെ ചുറ്റിയായിരുന്നു പ്രചാരണം മുന്നോട്ടു നീക്കിയത്. വിശ്വാസം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാക്കളും രംഗത്തു വന്നിരുന്നു. ശബരിമലയുടെ പേരു പറയാതെയാണെങ്കിലും ആചാരം സംരക്ഷിക്കാന്‍ ഒപ്പമുണ്ടാകുമെന്ന രാഹുലിന്റെ പ്രസ്താവനയും സി.പി.എമ്മിനും സര്‍ക്കാരിനും എതിരായി.
എന്നാല്‍ ഇതിനെല്ലാം മറുപടി കൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് എല്‍.ഡി.എഫ്. വന്‍ പൊതുയോഗങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് ഇപ്പോള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് ശ്രദ്ധയൂന്നുന്നത്. നേരത്തെ തന്നെ പ്രചാരണരംഗത്തിറങ്ങിയ എല്‍.ഡി.എഫിന്റെ സംസ്ഥാന നേതാക്കളും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതാക്കളും മണ്ഡലങ്ങളില്‍ പര്യടനം നടത്തിക്കഴിഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനില്‍ കേന്ദ്രീകരിച്ചായിരുന്നു എല്‍.ഡി.എഫ് പ്രചാരണം മുന്നോട്ടുപോയത്. പിണറായിയുടെ പര്യടനവും ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. ഇനി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ എത്തുന്നുണ്ട്. നേതാക്കള്‍ കളം വിട്ടതോടെ ശബരിമല വിഷയത്തില്‍ പൊതുയോഗങ്ങളില്‍ മുന്നണി നിലപാട് വേണ്ട വിധത്തില്‍ വിശദീകരിക്കേണ്ട ചുമതല ഇപ്പോള്‍ പ്രാദേശിക നേതാക്കളിലാണ് എത്തിയിരിക്കുന്നത്.
വി.എസ് അച്യുതാനന്ദനെ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതോടെ ക്രൗഡ് പുള്ളറായ ഒരു നേതാവ് എല്‍.ഡി.എഫ് ക്യാംപിലില്ല എന്നതും പോരായ്മയയായി. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതാക്കള്‍ എത്തിയെങ്കിലും കാര്യമായ സ്വാധീനം വോട്ടര്‍മാരില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫ് പ്രചാരണത്തിലും ചില പാളിച്ചകളുണ്ടായി. ആലത്തൂരിലെ യു.ഡി.എഫ് വനിതാ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ മോശം പരാമര്‍ശവും പിണറായി പങ്കെടുത്ത പരിപാടിക്കിടെ ക്ഷേത്ര ഉത്സവ മൈക്കിന്റെ കേബിള്‍ ഊരിമാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും തിരിച്ചടിയായി.
വിശ്വാസ സംബന്ധമായ നിലപാടില്‍ എല്‍.ഡി.എഫ് പ്രചാരണ പ്രതിസന്ധി നേരിടുമ്പോള്‍ ചില മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫ്- എന്‍.ഡി.എ എന്ന തരത്തിലേക്ക് നീങ്ങുന്ന പ്രതീതിയുണ്ടാക്കാന്‍ ബി.ജെ.പി നേതൃത്വത്തിനു കഴിഞ്ഞു. വളരെ കുറച്ചു വോട്ടു മാത്രമെ എന്‍.ഡി.എയ്ക്ക് നേടാനാവുമെങ്കിലും പ്രചാരണത്തില്‍ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് മേല്‍ക്കൈ വന്ന പ്രതീതിയാണുള്ളത്.
സാധാരണ കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് അജന്‍ഡയ്‌ക്കൊപ്പമായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണം അവസാന നിമിഷം വരെ നീങ്ങിയിരുന്നത്. എല്‍.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയത്തില്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ഇത്തവണ സി.പി.എമ്മിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. തുടര്‍ന്ന് ദേശീയ നേതാക്കള്‍ തുടര്‍ച്ചയായി കേരളത്തിലെത്തി പ്രചാരണം കൊഴുപ്പിച്ചതോടെ പ്രചാരണത്തില്‍ ചിലപ്പോള്‍ കാഴ്ചക്കാരായി ഒതുങ്ങേണ്ടി വരികയും ചെയ്തു എല്‍.ഡി.എഫിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."