തന്നെ കോണ്‍ഗ്രസ് ആക്രമിക്കുന്നത് പിന്നോക്കക്കാരന്‍ ആയതിനാല്‍: മോദി
എനിക്ക് മാത്രമേ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി മാറ്റാന്‍ കഴിയൂ
സോളാപൂര്‍: പിന്നോക്കജാതിയില്‍പ്പെട്ടതായതിനാലാണ് കോണ്‍ഗ്രസ് തന്നെ ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നതജാതിക്കാരനായ ഒരാള്‍ കാവല്‍ക്കാരന്‍ കളളനാണെന്നു പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ പിന്നാക്ക സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമം. പിന്നാക്ക സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആള്‍ എന്ന നിലയില്‍ ഈ അപമാനം തനിക്കു പുതിയതല്ല. ഉന്നത ജാതിക്കാരനല്ലെന്ന കാരണത്താല്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി എന്നെ അപഹസിക്കുകയാണ്. ഈ അപമാനങ്ങളൊന്നും ആദ്യമായല്ല ഞാന്‍ നേരിടുന്നത്. ഒരു വിഭാഗത്തെ അപമാനിക്കുന്നത് കൈ കെട്ടി നോക്കിയിരിക്കാനാകില്ല. എന്നെ കള്ളനെന്നു വിളിക്കുക വഴി ഒരു സമുദായത്തെ മുഴുവന്‍ കോണ്‍ഗ്രസ് അപമാനിച്ചിരിക്കുന്നുവെന്നും മോദി ആരോപിച്ചു.
കേന്ദ്രത്തില്‍ ശക്തമായ ഭരണമാണ് വേണ്ടത്. അതിനു തനിക്ക് മാത്രമേ കഴിയൂ. കഴിഞ്ഞ തവണ പൂര്‍ണ്ണ ശക്തിയാണ് നിങ്ങളെനിക്ക് നല്‍കിയത്. ഇക്കുറിയും അങ്ങിനെ തന്നെ വേണം. എങ്കില്‍ മാത്രമേ എനിക്ക് ശക്തമായ തീരുമാനങ്ങളെടുക്കാനാവൂ. എനിക്ക് മാത്രമേ കേന്ദ്രത്തില്‍ ശക്തമായ ഭരണം നടത്താന്‍ കഴിയൂ, എനിക്ക് മാത്രമേ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി മാറ്റാന്‍ കഴിയൂ- മോദി അവകാശപ്പെട്ടു.
എന്താണ് ഈ കളളന്‍മാര്‍ക്കെല്ലാം മോദിയെന്ന പേര് വന്നതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദിയുടെയും ലളിത് മോദിയുടെയും പേരുകള്‍ പരാമര്‍ശിച്ചായിരുന്നു മോദിയെന്ന പേരുള്ളവര്‍ എന്തുകൊണ്ട് കള്ളന്‍മാരായെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ചോദിച്ചത്. എന്നാല്‍, പിന്നാക്ക വിഭാഗങ്ങളോടുള്ള അവഹേളനമാണ് രാഹുലിന്റെ പ്രസ്താവനയെന്ന് ഇന്നലെ മോദി തിരിച്ചടിച്ചു. മഹാരാഷ്ട്രയിലെ സോളാപൂരില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ചില കള്ളന്‍മാരുടെ പേരില്‍ മോദി എന്നുണ്ട്. ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി...! എന്താണ് ഈ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന പേര് ലഭിച്ചത് എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."