കുടുംബ സംഗമങ്ങള്‍, റോഡ് ഷോ: മണ്ഡലത്തില്‍ നിറഞ്ഞ് എം.കെ രാഘവന്‍
കോഴിക്കോട്: എലത്തൂരില്‍ കുടുംബ സംഗമങ്ങളില്‍ സ്‌നേഹം പകുത്തു നല്‍കി യു. ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനം.
ഉച്ചയ്ക്ക് മതേതര ഇന്ത്യയുടെ കാവല്‍ക്കാരന്‍ രാഹുല്‍ജിയുമൊത്ത് തിരുവമ്പാടിയില്‍ തെരഞ്ഞെടുപ്പു റാലി. വൈകിട്ട് മണ്ണും മനസും നനച്ച മഴയില്‍ കുതിര്‍ന്ന് ആവേശം പെയ്തിറങ്ങിയ റോഡ് ഷോ. തെരഞ്ഞെടുപ്പു ഗോദയില്‍ ബുധനാഴ്ച കടന്നുപോയത് യു.ഡി.എഫിന്റെ മറ്റൊരു ആവേശദിനം.
ഉച്ചയ്ക്കു മുന്‍പായി ഒന്‍പത് കുടുംബ സംഗമങ്ങളിലാണ് സ്ഥാനാര്‍ഥി പങ്കെടുത്തത്. രാവിലെ ഒന്‍പതു മണിയോടെ ചെറുവറ്റയില്‍ ആയിരുന്നു ആദ്യ പരിപാടി. അടുത്തത് പറമ്പില്‍ ബസാറില്‍. തുടര്‍ന്ന് പോലൂര്‍, ഊട്ടുകുളം, പുതിയേടത്ത് താഴം, പുനത്തില്‍ താഴം, ആലയാട്, ആറോളിപ്പോയില്‍, ഇരപ്പില്‍താഴം എന്നിവിടങ്ങളില്‍.
എല്ലായിടത്തും സ്ഥാനാര്‍ഥിക്ക് ഒന്നേ പറയാനുള്ളൂ മോദിയെ താഴെയിറക്കണം, അക്രമ രാഷ്ട്രീയത്തിന് മറുപടി പറയണം, കോഴിക്കോട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരണം.
പതിനൊന്നരയോടെ മതേതര ഇന്ത്യയുടെ കാവല്‍ഭടന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പു റാലി നടക്കുന്ന തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക്. അവിടെ ജനസഹസ്രങ്ങളെ അഭിസംബോധന ചെയ്തു.
വൈകുന്നേരത്തോടെ നോര്‍ത്ത് മണ്ഡലത്തില്‍ റോഡ് ഷോയ്ക്ക് തുടക്കം.
പുതിയങ്ങാടിയില്‍ നിന്ന് റോഡ് ഷോ തുടങ്ങി വെസ്റ്റ്ഹില്‍ കടന്ന് ഈസ്റ്റ്ഹില്‍ എത്തുമ്പോഴേക്കും മഴ തുടങ്ങി. മഴയെ കൂസാതെ സ്ഥാനാര്‍ഥി. അതിലേറെ ആവേശത്തില്‍ പ്രവര്‍ത്തകര്‍. ഗണപതിക്കടവ്, കുണ്ടൂപറമ്പ്, തണ്ണീര്‍ പന്തല്‍, തടമ്പാട്ട്താഴം, കരിക്കാംകുളം, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, സിവില്‍ സ്റ്റേഷന്‍, മലാപ്പറമ്പ്, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, മൂഴിക്കല്‍, ചെലവൂര്‍, കാരന്തൂര്‍, മുണ്ടിക്കല്‍താഴം, മായനാട്, മെഡിക്കല്‍ കോളജ്, കോവൂര്‍ വഴി ഇരിങ്ങാടന്‍ പള്ളിയിലേക്ക്. തുടര്‍ന്ന് ചേവരമ്പലം, ചേവായൂര്‍, തൊണ്ടയാട്, കോട്ടൂളി, അരയിടത്ത് പാലം, ബേബി ഹോസ്പിറ്റല്‍, അശോകപുരം റോഡ്, കൃസ്ത്യന്‍ കോളജ്, മാവൂര്‍ റോഡ്, കിഡ്‌സണ്‍ കോര്‍ണര്‍, സ്റ്റേറ്റ് ബാങ്ക്, ബീച്ച് ഹോസ്പിറ്റല്‍, പണിക്കര്‍ റോഡ്, ഗാന്ധി റോഡ് ബീച്ച്, കോര്‍പ്പറേഷന്‍ ഓഫിസ്, രക്തസാക്ഷി മണ്ഡപം, ലയണ്‍സ് പാര്‍ക്ക് വഴി തോപ്പയില്‍ സമാപനം. നിയോജക മണ്ഡലം യു.ഡി.എഫ് ഭാരവാഹികളായ കെ.വി സുബ്രഹ്മണ്യന്‍, കെ. മുഹമ്മദാലി എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ ചാണ്ടി ഉമ്മന്‍, സനോജ് കുരുവട്ടൂര്‍, ജിജിത് പൈങ്ങോട്ടുപുറം, സിജി കൊട്ടാരം, റാഷിദ് നന്മണ്ട, അംശുലാല്‍ പൊന്നാറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."