ടേബിള്‍ ടോപ്പിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ കൊല്ലരുത്
കരിപ്പൂര്‍ വിമാനത്താവളം ജന്മമെടുത്തത് മുതല്‍ അതിനെ ഞെക്കിക്കൊല്ലാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയാണ്. കേരളത്തിലെ ഗള്‍ഫ് യാത്രികരില്‍ ഭൂരിപക്ഷവും നേരത്തെ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലാണ് വന്നിറങ്ങിയിരുന്നത്. ഈ വിമാനത്താവളങ്ങളില്‍ അവര്‍ വലിയ ചൂഷണത്തിന് ഇരകളായി. നിരവധിപേരാണ് കൊള്ളയടിക്ക് വിധേയരായത്. മലബാറില്‍ നിന്നുള്ളവരായിരുന്നു ഇങ്ങനെ നിരന്തരം കൊള്ളയടിക്ക് വിധേയരായത്. കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെയാണ് ഇതിന് അന്ത്യമായത്. ഇതോടെ വരുമാനംമുട്ടിയ ഉത്തരേന്ത്യന്‍ ലോബികള്‍ അന്നുമുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ഞെക്കിക്കൊല്ലാനുള്ള നീക്കങ്ങളും ആരംഭിച്ചു.
എന്നാല്‍, ഇവിടെയുള്ള ജനപ്രതിനിധികളുടെയും രാഷ്ടീയ, സാംസ്‌കാരിക സംഘടനകളുടെയും ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഇത്തരം ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. എങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. ഓരോ കാരണങ്ങള്‍ കണ്ടെത്തി കരിപ്പൂരിന്റെ ചിറകരിയാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനൊക്കെ പുറമെ കേരളത്തിലെ ബിസിനസ് ലോബികളും കരിപ്പൂര്‍ വിമാനത്താവളത്തിനെതിരേ ചരടുവലിക്കുകയാണ്. നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വന്നതിനുശേഷം കരിപ്പൂരിനെ കൊല്ലാനുള്ള സ്വകാര്യ ലോബികളുടെ ശ്രമങ്ങള്‍ക്ക് ആക്കംകൂടിയിട്ടുണ്ട്. കരിപ്പൂരിലുണ്ടായ അപകടം സ്വകാര്യ ലോബികളുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നേക്കാം. കരിപ്പൂര്‍ വിമാനത്താവളം ലാഭകരമല്ലെന്നും വിമാനത്താവളം ടേബിള്‍ ടോപ്പായതിനാല്‍ ഏതുസമയത്തും അപകടസാധ്യതയുണ്ടെന്നുമുള്ള ആക്ഷേപങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍ ഇത്തരം ലോബികളുടെ പങ്ക് ചെറുതല്ല. എന്നാല്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ അപകടസാധ്യത കൂടുതലാണെന്ന വിദഗ്ധാഭിപ്രായങ്ങളെ മാനിച്ചാല്‍ തന്നെ കരിപ്പൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടം ടേബിള്‍ ടോപ്പ് വിമാനത്താവളമെന്ന പരിമിതികൊണ്ടായിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശങ്ങളിലും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളുണ്ട്. വെള്ളിയാഴ്ചത്തെ കരിപ്പൂര്‍ വിമാന ദുരന്തത്തിന് ടേബിള്‍ ടോപ്പിനെ പഴിചാരാനാവില്ല.
കേരളത്തിലെ ഏറ്റവും വലിയ വിമാന ദുരന്തമാണ് കഴിഞ്ഞ വെള്ളിയാഴ്ച കരിപ്പൂരിലുണ്ടായത്. ടേബില്‍ ടോപ്പ്, റണ്‍വേയുടെ നീളക്കുറവ് എന്നിവ മൂലം സംഭവിച്ചതല്ല അപകടം. 1998 ജൂലൈ 30ന് കൊച്ചിയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ചെറു യാത്രാ വിമാനം തകര്‍ന്ന് എട്ടുപേര്‍ മരിച്ചതായിരുന്നു ഇതുവരെ കേരളത്തിലുണ്ടായ ഏറ്റവും വലിയ വിമാനാപകടം. കരിപ്പൂരില്‍ ഇന്നലെ വരെ 18 പേരാണ് മരിച്ചത്.
ഇതിനകം നിരവധി കാരണങ്ങളാണ് കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റണ്‍വേ വ്യക്തമായി കാണുന്നുണ്ടെന്ന പൈലറ്റിന്റെ സന്ദേശം കിട്ടാതെ വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി കിട്ടില്ല. കിഴക്കുഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടതിനുപകരം പടിഞ്ഞാറുഭാഗത്ത് രണ്ടാമത്തെ റണ്‍വേയിലൂടെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ റണ്‍വേ കഴിഞ്ഞും വിമാനം പരിധിയില്‍ കവിഞ്ഞ വേഗതയില്‍ ഓടിയെന്നും തുടര്‍ന്ന് ചുറ്റുമതില്‍ തകര്‍ത്ത് 35 അടി താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ലാന്‍ഡ് ചെയ്യാന്‍ അനുമതി കിട്ടിയ ശേഷം പെട്ടെന്ന് വീശിയടിച്ച കാറ്റും മഴയും പൈലറ്റിന്റെ കാഴ്ചയെ മറച്ചിരിക്കാം. ഇത്തരം ഘട്ടത്തില്‍ പൈലറ്റുമാര്‍ക്ക് മുന്‍പില്‍ രണ്ട് വഴികളെ ഉണ്ടാകൂ. ഒന്നുകില്‍ രണ്ടും കല്‍പ്പിച്ച് വിമാനം ലാന്‍ഡ് ചെയ്യുക. അല്ലെങ്കില്‍ വീണ്ടും ഉയര്‍ത്തുക. രണ്ടാമത്തെ ശ്രമത്തില്‍ വിമാനം വീണ്ടുമുയര്‍ത്താന്‍ പൈലറ്റ് ശ്രമം നടത്തിയിരുന്നു. വളരെ പരിചയസമ്പന്നനാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ട പൈലറ്റ് ഡി.വി സാഠേ. വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റ് എന്ന നിലയില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സേനയിലെ പരിശീലനകാലയളവിലും സൈനിക സേവനത്തിനുമിടിയില്‍ നിരവധി പുരസ്‌കാരങ്ങളാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യുന്നത് അപകടകരമാണെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അര്‍ഥമില്ല. ജനറല്‍ ഓഫ് ഏവിയേഷന്റെ വിശദ പരിശോധനകള്‍ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയത്. അനുവാദമില്ലാതെ ഒരു വിമാനവും റണ്‍വേയില്‍ ഇറങ്ങില്ല. എന്നാല്‍, ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ മഴയും കാറ്റുമുണ്ടായാല്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാറില്ല. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചതെങ്ങനെ? അനുമതി നല്‍കിയപ്പോള്‍ മഴയില്ലായിരുന്നുവെന്നും റണ്‍വേ നല്ലപോലെ കാണാന്‍ കഴിഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു. ഇറങ്ങിക്കൊണ്ടിരുന്ന വേളയിലാകാം കാര്യങ്ങള്‍ തകിടംമറിഞ്ഞിട്ടുണ്ടാവുക. അത്തരമൊരു ഘട്ടത്തില്‍ റണ്‍വേയിലെ വെള്ളപ്പാളികളില്‍ ഉരഞ്ഞുപോയ വിമാനത്തിന്റെ ടയറുകള്‍ തെന്നിയെന്നും ബ്രേക്ക് നഷ്ടപ്പെട്ടെന്നും പറയപ്പെടുന്നു.
വിശദമായ അന്വേഷണത്തിന് വ്യോമയാന ഡയരക്ടറേറ്റ് ജനറല്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അപകടത്തിന്റെ യഥാര്‍ഥ കാരണമറിയുന്നതുവരെ കാത്തിരിക്കാം. വിമാന ദുരന്തം പോലെ നമ്മെ നൊമ്പരപ്പെടുത്തുന്നതാണ് കനത്ത മഴയില്‍ മൂന്നാര്‍ രാജമലക്ക് അടുത്തുണ്ടായ ദുരന്തം. കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് 43 പേരാണ് മരിച്ചത്. രണ്ട് ദുരന്തങ്ങളിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."