ബ്ലോക്ക് തലത്തില്‍ ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കണ്ണൂര്‍: ജില്ലയില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. സ്കൂളുകളില്‍ ആവശ്യാനുസരണം സ്പെഷല്‍ ടീച്ചര്‍, കൗണ്‍സിലര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കണമെന്നും കമ്മിഷന് അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ക്കാണ് കമ്മിഷന് ഉത്തരവ് നല്‍കിയത്. സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗപരിമിതരെ നേരത്തെ കണ്ടെത്തുന്നതിനുള്ള ഏര്‍ലി ഇന്റര്‍വന്‍ഷന്‍ യൂനിറ്റുകള്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്കി. ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സംഘടനയായ ജില്ലാ പരിവാര്‍ സെക്രട്ടറി നല്കിയ പരാതിയിലാണ് നടപടി.
ജില്ലയില്‍ സ്പെഷല്‍ ടീച്ചര്‍ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ 58,635 അംഗപരിമിതരുണ്ട്. ബുദ്ധിമാന്ദ്യം, സെറിബ്രല്‍പാള്‍സി, ഓട്ടിസം തുടങ്ങിയവ ബാധിച്ചവര്‍ 17,000 ആണ്. പഞ്ചായത്തുകള്‍ തോറും ബഡ്സ് സ്കൂള്‍ സ്ഥാപിച്ചാല്‍ ഒരു വലിയ വിഭാഗം കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."