നാട്ടുകാരുടെ കൂട്ടായ്മയില്‍ മണത്തല പള്ളിക്കുളം നവീകരണം തുടങ്ങി
ചാവക്കാട്: രണ്ട് ദശകത്തോളം ഉപയോഗശൂന്യമായിക്കിടന്ന മണത്തല പള്ളിക്കുളം നാട്ടുകാരുടെ കൂട്ടായ്മയുടെ മേല്‍ നോട്ടത്തില്‍ നവീകരണമാരംഭിച്ചു.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മിച്ച മണത്തല പള്ളിക്കൊപ്പം പഴക്കമുള്ള പള്ളിക്കുളം ഒരു കാലത്ത് നാട്ടുകാരുടെ പൊതുകുളമായിരുന്നു.
കുളിക്കാനും പള്ളിയില്‍ നിസ്‌കരിക്കാനെത്തുന്നവരുടെ അംഗസ്‌നാനവും ഈ കുളത്തില്‍ നിന്നായിരുന്നു. പള്ളിയുടെ മുന്നില്‍ ദേശീയ പാതക്കരികെ 10 അടിയോളം താഴ്ച്ചയിലുള്ള 50 സെന്റ് ഭൂമിയിലാണ് കുടത്ത വേനലിലും വറ്റാത്ത ഈ കുളം.
പള്ളി പുനര്‍നിര്‍മാണത്തോടനുബന്ധിച്ച് കുളത്തിന്റെ പാര്‍ശ്വ ഭിത്തികളും നാല് ഭാഗത്തുമുള്ള ഒതുക്കുകല്ലുകളും അതിനോട് ചേര്‍ന്ന അര മതിലും പുനര്‍നിര്‍മിച്ചത്. പള്ളിക്കിണറില്‍നിന്ന് ആവശ്യമായ ജലം മോട്ടോര്‍ വഴി ലഭിക്കാന്‍ തുടങ്ങിയതോടെ കുളത്തില്‍ നിന്നുള്ള അംഗസ്‌നാനവും നിന്നു. കഴിഞ്ഞ 20 വര്‍ഷമായി പൂര്‍ണമായും ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
മണത്തലയില്‍ നിന്നുള്ള പ്രവാസികളുടെ സഹായത്തോടൊപ്പം നാട്ടുകാരുടെ കൂട്ടായ്മ ആരംഭിച്ച കുളം നവീകരണത്തിന് രണ്ടര ലക്ഷം ചെലവാകുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കൊടുങ്ങല്ലൂരില്‍ നിന്ന് എത്തിയ പ്രത്യേക സംഘമാണ് മോട്ടോറും മണ്ണ് മാന്തി യന്ത്രങ്ങളും ഉപയോഗിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കുളത്തില്‍ നിന്നുള്ള വെള്ളം പുറത്തെ പറമ്പിലേക്ക് അടിച്ചു വറ്റിച്ച് ചളിയും മാലിന്യവും കോരിയെടുത്താണ് നവീകരണം.
പാര്‍ശ്വ ഭിത്തികളുടേയും പുറത്തെ അരമതിലിന്റേയും അറ്റകുറ്റ പണികളും ഇതോടപ്പം നടക്കും.
പുതിയ തലമുറക്ക് നീന്തല്‍ പരിശീലനമുള്‍പ്പെടെ ഇവിടെ ആരംഭിക്കാനുള്ള പദ്ധതി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."