അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി
മുത്തങ്ങ: തുടര്‍ച്ചയായി കോടികളുടെ കുഴല്‍പ്പണം സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ നിന്ന് പിടികൂടിയതോടെ ചെക്‌പോസ്റ്റുകളില്‍ എക്‌സൈസ് വാഹനപരിശോധന കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അഞ്ചരക്കോടിയിലധികം കുഴല്‍പ്പണം എക്‌സൈസും പൊലിസും മുത്തങ്ങയില്‍ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് എക്‌സൈസ് കമ്മിഷനറുടെ നിര്‍ദേശംപ്രകാരം പരിശോധന കര്‍ശനമാക്കിയത്.
കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ബസുള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തി വിടുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കര്‍ണ്ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന മൂന്ന് കോടി 22 ലക്ഷത്തി അമ്പത്തിയേഴായിരത്തി ഒരുനൂറ് രൂപയുമായി മൂന്നംഗ സംഘം ബത്തേരി പൊലിസിന്റെ പിടിയിലായത്. കാറില്‍ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ മൂന്ന് പേരെയും പൊലിസ് പിടികൂടി.
ഇവരുടെ കൈവശം ഉണ്ടായിരുന്ന ഒരു തോക്കും പൊലിസ് പിടിച്ചെടുത്തു. കാറിന്റെ പിന്‍സീറ്റിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊടുവള്ളി പടനിലം വെണ്ണക്കല്‍ കാപ്പുംപുറത്ത് റഫീഖ്(35), താമരശ്ശേരി വാവട് കൂനത്തില്‍ ജുനൈസ്(25), കൊടുവള്ളി സ്വദേശി എരേക്കല്‍ അബ്ദുറഹ്മാന്‍(42) എന്നിവരെയാണ് സംഭവുമായി ബന്ധപെട്ട് പൊലിസ് പിടികൂടിയത്.
ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയാണന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്. ഇന്നലെ 2.39 കോടിയോളം രൂപയുമായി മൂന്ന് ആന്ദ്രപ്രദേശ് സ്വദേശികളാണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ആഡംബര ബസ്സിലെ യാത്രക്കിടെയാണ് ഇവര്‍ മുത്തങ്ങയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
മൂന്ന് ബാഗുകളിലാക്കി സൂക്ഷിച്ച രണ്ട് കോടി 39 ലക്ഷത്തി അന്‍പത്തിഴോയിരത്തി അഞ്ഞുറ് രൂപ കണ്ടെടുത്തു. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി ഉമാമഹേശ്വര്‍ റാവു(37), തെലുങ്കാന മിരിയില്‍ഗുഢ സ്വദേശികളായ ശ്രാവണ്‍(35), ഗണേശ്(22) എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് വിഭാഗത്തിന്റെ പിടിയിലായത്.
ആന്ദ്രയില്‍ നിന്നും കോഴിക്കോട്ടേക്ക് പഴയ സ്വര്‍ണം വാങ്ങാനാണ് പണവുമായി പോകുകയായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യചെയ്യലില്‍ ഇവര്‍ എക്‌സൈസിന് മൊഴി നല്‍കിയത്.
രാത്രിയാത്ര നിരോധനം കഴിഞ്ഞ് പുലര്‍ച്ചെ ആറോടെ ജില്ലയിലേക്ക് എത്തുന്ന വാഹനങ്ങളാണ് കുഴല്‍പണം കടത്താന്‍ ഇത്തരം സംഘം ഉപയോഗിക്കുന്നത്.
തിരക്കുള്ള ഈ സമയത്ത് വാഹനങ്ങള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ക്ക് കഴിയാറില്ല. ഇതു മുതലെടുത്താണ് ബന്ധുക്കള്‍ അടക്കമുള്ളരെ ഉപയോഗിച്ച് യാത്രവാഹനങ്ങള്‍ വഴി രേഖകളില്ലാത്ത പണം കടത്തുന്നത്.
ഈ സാഹചര്യത്തിലാണ് വാഹന പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."