മുളന്തുരുത്തി പള്ളി ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുളന്തുരുത്തി പള്ളി ഏറ്റെടുക്കാന്‍ തയാറാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. സി.ആര്‍.പി.എഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കാനാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ച വിവരമറിയിക്കണമെന്നു കോടതി വ്യക്തമാക്കി.
തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തിയടക്കമുളള പളളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ കൊവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശം നല്‍കിയത്.
സുപ്രിം കോടതി വിധി പ്രകാരം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പല തവണ എത്തിയിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കകത്ത് സംഘടിച്ച് ഇത് തടഞ്ഞുവെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചതോടെ പള്ളി ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണെന്ന ഓര്‍ത്തഡോകസ് വിഭാഗത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."