സ്വര്‍ണ വര്‍ണപ്പാടങ്ങള്‍
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന സ്വര്‍ണ വര്‍ണമാര്‍ന്ന നെല്‍പാടങ്ങള്‍!.
പതിയെ ചൂടുപിടിച്ചുവരുന്ന വെയില്‍ അതിന് സവിശേഷ ഭംഗി നല്‍കുന്നു.
തങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഏത് ഭൂഭാഗത്താണെന്ന ആശയക്കുഴപ്പം കുട്ടികളില്‍ പലരേയും ഗ്രസിച്ചു.
ചെമ്മണ്ണു നിറഞ്ഞ പാതയോരത്ത് ആഷ്‌വിന്‍ വണ്ടി ഒതുക്കിയിട്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ദര്‍ശിക്കാനിടവന്ന ആ അത്ഭുതക്കാഴ്ച ഹൃദയത്തില്‍ പകര്‍ത്തിവയ്ക്കാന്‍ അവരോരുത്തരും ധൃതിപ്പെട്ട് പുറത്തിറങ്ങി.
രണ്ട് ദിവസം കൊണ്ട് ജന്ദര്‍ മന്ദിര്‍, നാഷനല്‍ മ്യൂസിയം, കുത്തബ്മിനാര്‍, രാജ്ഘട്ട്, ചെങ്കോട്ട, ഇന്ത്യാഗേറ്റ് തുടങ്ങി ദില്ലിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് മെട്രോ യാത്രയുടെ അനുഭവവും അറിഞ്ഞ്, പഴയ ദില്ലിയിലെ മാര്‍ക്കറ്റില്‍ നിന്ന് സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായ് ചില സാധനങ്ങളെല്ലാം വാങ്ങി രാഘേഷിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവന്‍ മാഷ് ഒരു ആശയം മുന്നോട്ട് വച്ചത്.
''പിള്ളാരേ, നാളെ രാവിലെ നാം ഇവിടുന്ന് അമൃത്‌സറിലേക്ക് യാത്ര തുടരുന്നു. ജാലിയന്‍ വാലാബാഗും സുവര്‍ണ ക്ഷേത്രവും പിന്നെ വാഗാ ബോര്‍ഡറുമൊക്കെയാണ് അവിടുത്തെ ആകര്‍ഷണങ്ങള്‍. നാളെ രാവിലെ 7.30ന് പഴയ ദില്ലിയില്‍ നിന്നാണ് നമ്മുടെ ട്രെയിന്‍'' അത്രയും പറഞ്ഞ് മാഷ് നിര്‍ത്തി.
''ഹായ് വീണ്ടും ട്രെയിന്‍'' അക്ഷര പറഞ്ഞു.
ആ യാത്രയില്‍ ആദ്യമായി ട്രെയിന്‍ സഞ്ചാരം സാധ്യമായ അവള്‍ക്ക് തീവണ്ടി എന്ന് കേട്ടാല്‍ തന്നെ സന്തോഷം വരും.
''നമ്മുടെ മുന്നില്‍ ഒരു ഓപ്ഷനുണ്ട്'' മാഷ് പറഞ്ഞു. ''നാളെ ട്രെയിനിന് പോയാല്‍ ഒരു പകല്‍ മുഴുവന്‍
നാം വണ്ടിയിലായിരിക്കും, വൈകുന്നേരത്തോടെയേ നാം അമൃത്‌സറിലെത്തുകയുള്ളൂ. മറിച്ച് ഒരു ബസ് ഏര്‍പ്പാടാക്കി പോവുകയാണെങ്കില്‍ നമുക്ക് പകല്‍ യാത്രയില്‍ ഇടയ്‌ക്കൊക്കെ കാഴ്ചകള്‍ കണ്ട് രാത്രിയോടെ അമൃത്‌സറില്‍ ചെന്ന് ചേരാം. പഞ്ചാബിനെ കൂടുതല്‍ അറിഞ്ഞുള്ള ഒരു യാത്ര! എന്തുപറയുന്നു?''.
കുട്ടികള്‍ക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ''മതി അങ്ങനെ മതി!'' ചിന്തച്ചേച്ചിയും അവര്‍ക്കൊപ്പം ചേര്‍ന്നു.
''പക്ഷേ അതിന് മുന്‍പ് രണ്ട് കാര്യങ്ങള്‍ ഉണ്ട്. ആദ്യം ദീര്‍ഘയാത്രയ്ക്ക് പറ്റിയ ഒരു ചെറു ബസ് ലഭിക്കണം. ആഷ്‌വിനോട് തന്നെ ചോദിക്കാം അത്. മറ്റൊന്ന് കുറച്ച് തുക നഷ്ടപ്പെട്ടാലും നിലവിലുള്ള നമ്മുടെ അമൃത്‌സര്‍ ടിക്കറ്റ് കാന്‍സലാക്കുകയും വേണം. നോക്കട്ടെ രണ്ടും''. കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കെ മാഷ് ഫോണ്‍ കൈയിലെടുത്ത് ആഷ്‌വിന്റെ നമ്പര്‍ ഡയല്‍ ചെയ്തു!.
പുലര്‍ച്ചെ ദില്ലി നഗരം തിരക്കിലേക്ക് ഉണരും മുന്‍പ് തന്നെ രാഘേഷ് കുമാറിനോട് യാത്രപറഞ്ഞ് സംഘം ആഷ്‌വിന്‍ കൊണ്ടുവന്ന ബര്‍സാത്ത് എന്ന ചെറിയ ലക്ഷ്വറി ബസില്‍ കയറി. അമൃത്‌സറില്‍ നിന്ന് തിരിച്ചുള്ള യാത്ര ഒറ്റക്കായതിനാല്‍ ആഷ്‌വിന്‍ ഒരു സുഹൃത്തിനെയും കൂടെ കൂട്ടിയിരുന്നു.
ജെ.എന്‍.യുവില്‍ തന്നെ മോളിക്യുലാര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ശ്രാവണ്‍ എന്ന ഹരിയാനക്കാരന്‍ യുവാവ് ആയിരുന്നു അത്.
ദില്ലിയോട് തൊട്ടടുത്തുള്ള ഹരിയാനയുടെ കാഴ്ചകളാണ് അവരെ ആദ്യം വരവേറ്റത്. ദില്ലി-അമൃത്‌സര്‍ പാ തയുടെ ഇരുഭാഗങ്ങളിലും ഇടവിട്ട് കാണാവുന്ന കൊയ്ത്ത്കാത്തുകിടക്കുന്ന പാടങ്ങളുടെ ദൃശ്യങ്ങള്‍. മഞ്ഞിന്റെ നേരിയ മേലാപ്പണിഞ്ഞ് കാഴ്ചകള്‍ അന്യമാവും ദൂരത്തില്‍ വിശാലമായി. ഇടയ്‌ക്കൊക്കെ അവര്‍ പാതയോരത്ത് നിര്‍ത്തി കാഴ്ചകള്‍ കണ്ടു. ഹരിയാനയുടെ അതിര് വിട്ട് പഞ്ചാബിന്റെ ഭാഗങ്ങളില്‍ പ്രവേശിച്ച് തുടങ്ങിയതോടെ മഞ്ഞ് മാറി വെയിലുറച്ച് തുടങ്ങിയിരുന്നു.
ഒട്ടുദൂരം വയലേലകള്‍ മാത്രമുള്ള ഒരു ഭാഗത്ത് ബസ് എത്തിയപ്പോഴാണ് ജീവന്‍ മാഷ് ആഷ്‌വിനോട് പ്രധാന പാതവിട്ട് ചെമ്മണ്‍പാതയിലേക്ക് തിരിയാന്‍ പറഞ്ഞത്. അങ്ങനെയാണവര്‍ ആ വയല്‍ പ്രദേശത്തിന്റെ ഉള്‍വശത്ത് എത്തിച്ചേര്‍ന്നത്.
വയല്‍ക്കാഴ്ചകള്‍ ഹൃദയത്തിലേക്കെടുത്ത് തെല്ലുനേരം നിന്നശേഷം അവര്‍ വയലിനെ രണ്ടായി പകുത്ത് മുന്നോട്ട് നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ വയലിറമ്പത്ത് നാലഞ്ച് മരങ്ങള്‍ ചേര്‍ന്ന് തണലുതീര്‍ക്കുന്ന ഒരിടം കണ്ടു. അവിടെയൊരു താല്‍ക്കാലിക ഷെഡും. അവര്‍ അങ്ങോട്ട് ചെന്നു.
കരിമ്പുസത്തില്‍ നിന്ന് നാടന്‍ രീതിയില്‍ ശര്‍ക്കര ഉണ്ടാക്കിയെടുക്കുന്ന പ്രവര്‍ത്തിയാണവിടെ നടന്ന് കൊണ്ടിരിക്കുന്നത്. കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. ഷെഡിന്റെ ഒരു ഭാഗത്ത് സത്തെടുക്കുന്ന ഒരു ഉപകരണം പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പല്ലുകള്‍ക്കിടയിലേക്ക് പച്ചക്കരിമ്പിന്‍ തണ്ടുകള്‍ തള്ളിക്കയറ്റിക്കൊണ്ടിരിക്കുകയാണ് ഒരാള്‍.
തണ്ട് ചതഞ്ഞ് പൊട്ടുമ്പോഴുണ്ടാവുന്ന ഒച്ച. കരിമ്പിന്റെ ചാറ് ചുറ്റിനും തെറിച്ച് വീഴുന്നു.
താഴോട്ടൊഴുകുന്ന കരിമ്പുനീര് ഒരു ട്രേയിലൂടെ ചെന്ന്‌വീഴുന്നത് ഒരടുപ്പിന് മീതെ വച്ചിരിക്കുന്ന വാവട്ടമേറിയ
പാത്രത്തിലേക്കാണ്. ആ അടുപ്പിലേക്ക് സ്ഥിരമായി വിറക് തള്ളിവെച്ച് കൊടുത്തുകൊണ്ട് നില്‍ക്കുകയാണ് ഒരാള്‍.
ഒരല്‍പ്പം അകലെനിന്ന് നോക്കാമെന്നല്ലാതെ കുട്ടികള്‍ക്കാര്‍ക്കും അടുത്തെങ്ങും ചെല്ലാനായില്ല. അത്രയ്ക്കായിരുന്നു ചൂട്.
അങ്ങനെ അടുപ്പത്ത് വെന്ത് ഉറയ്ക്കുന്ന കരിമ്പുപാവ് മുറിച്ച് നിരത്തി വെല്ലമാക്കി ഇട്ടിരിക്കുന്നു വേറൊരുഭാഗത്ത്. മഞ്ഞനിറമാര്‍ന്ന വെല്ലക്കട്ടകള്‍. കുറച്ചുനേരം അത് നോക്കി നിന്ന് ജോലിചെയ്യുന്നവരുടെ കുറച്ച് ചിത്രങ്ങള്‍ എടുത്ത് അവര്‍ തൊട്ടടുത്ത മരച്ചുവട്ടിലിരിക്കുന്ന തലപ്പാവ് ധരിച്ച സര്‍ദാര്‍ജിയുടെ അടുത്തേക്ക് ചെന്നു. അയാളായിരുന്നു വെല്ല നിര്‍മാണ ഫാക്ടറിയുടെ ഉടമ. അയാള്‍ക്ക് പക്ഷേ പഞ്ചാബിയല്ലാതെ മറ്റൊരു ഭാഷയുംഅറിയില്ലായിരുന്നു.
മുറി ഹിന്ദിയിലും പഞ്ചാബി കലര്‍ത്തിയും അയാള്‍ പങ്കുവച്ച വിശേഷങ്ങള്‍ അയാളെ വിട്ട് മുന്നോട്ട് നടക്കുമ്പോള്‍ മാഷ് കുട്ടികള്‍ക്ക് വിവരിച്ച് നല്‍കി.
ഈ സര്‍ദാര്‍ജിക്ക് 40 ഏക്കറോളം കരിമ്പുകൃഷിയുണ്ട്. അത് കൂടാതെ തൊട്ടടുത്ത പ്രദേശത്തെ കര്‍ഷകരില്‍ നിന്നു മൊത്തവില നല്‍കിയും കരിമ്പെടുക്കുന്നു. എന്നിട്ട് എല്ലാ സീസണിലും ഇതുപോലെ താല്‍ക്കാലിക ഷെഡുണ്ടാക്കി നാടന്‍രീതിയില്‍ വെല്ലം ഉണ്ടാക്കുന്നു. സീസണവസാനിച്ചാല്‍ ഷെഡ് പൊളിച്ച് നീക്കാറാണ് പതിവ്.
''മാഷേ, അപ്പോള്‍ അയാള്‍ ഇടയ്ക്ക് ഉത്തര്‍പ്രദേശ് എന്നൊക്കെ പറയുന്നത് കേട്ടല്ലോ?'' ഫിദല്‍ ഇടയ്ക്ക് ചോദിച്ചു.
''മിടുക്കന്‍ അപ്പോള്‍ നീയത് ശ്രദ്ധിക്കുന്നുണ്ടായിരുന്നല്ലേ!.'' മാഷ് ചിരിച്ചു. ''ഞാന്‍ കരുതി നീ ആ വെല്ലക്കട്ടയും നോക്കിനില്‍ക്കുകയാണെന്ന് ''. കുട്ടികള്‍ എല്ലാവരും ചിരിച്ചു.
''ആ തൊഴിലാളികള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ധാരാളം കരിമ്പുവിളയുന്ന ഉത്തര്‍പ്രദേശില്‍ പഞ്ചസാരയും വെല്ലവുമൊക്കെ ഉണ്ടാക്കാന്‍ അറിയുന്ന വിദഗ്ധര്‍ എമ്പാടുമുണ്ട്. അവര്‍ ഓരോ സീസണിലും എത്തും. അവര്‍ക്ക് കരാര്‍ നല്‍കുകയാണത്രെ ചെയ്യുക.''
''അപ്പോള്‍ ഇങ്ങനെത്തന്നെയാണോ മാഷേ പഞ്ചസാരയും ഉണ്ടാക്കുന്നത്?'' മിലന്റെ സംശയം.
മാഷ് കുറച്ച് നേരം നിശബ്ദമായി നിന്നു. പിന്നെ പറഞ്ഞു.
''പിള്ളാരേ, പഞ്ചസാര കാര്യം കാണാന്‍ രസവും കഴിക്കാന്‍ മധുരവുമൊക്കെ ഉള്ളത് തന്നെ. പക്ഷേ അത് രൂപപ്പെട്ട് വരുന്നത് സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ്. അത് കാണാന്‍ എനിക്കവസരം കിട്ടിയിട്ടുണ്ട് ''.
''മാഷേ മാഷേ, നമുക്ക് ഒരു പഞ്ചസാര ഫാക്ടറി കാണണം മാഷേ...'' ആകാശ് ചിണുങ്ങി.
''നോക്കാം നമുക്ക്..'' മാഷ് പറഞ്ഞു. 'അതത്ര എളുപ്പമല്ലെങ്കിലും''.
ആ പ്രതീക്ഷയില്‍ മുന്നോട്ട് നടന്ന കുട്ടികള്‍ക്ക് മുന്‍പില്‍ കൊയ്ത്ത് കഴിഞ്ഞപാടം ട്രാക്ടര്‍ കൊണ്ട് ഉഴുതുമറിക്കുന്ന ഒരാള്‍ പ്രത്യക്ഷനായി. വലിയ താടിയും തലയില്‍ വട്ടക്കെട്ടുമുള്ള ഒരു ചെറുപ്പക്കാരന്‍ സര്‍ദാര്‍ജി. ആളൊരു ഗൗരവക്കാരനാണെന്ന് തോന്നിച്ചു. തന്റെ പ്രവൃത്തി ഒരുകൂട്ടമാളുകള്‍ നോക്കി നില്‍ക്കുന്നത് ഗൗനിക്കാതെ അയാള്‍ കണ്ടം ഉഴുതുമറിക്കുന്നത് തുടര്‍ന്നു.
ട്രാക്ടറിന്റെ കടകടയൊച്ചയെയും മറികടന്ന് ആ പ്രദേശമാകെ കേള്‍ക്കാവുന്ന തരത്തില്‍ പാട്ട് പ്ലേ ചെയ്തിട്ടുണ്ട് അയാള്‍. ആരും ഒന്ന് രണ്ട് ചുവട് തുള്ളിപ്പോവും വിധമുള്ള ഒരു പഞ്ചാബി ബാംഗ്‌റ ഗാനം.
അപ്പോള്‍ പൂട്ടിക്കൊണ്ടിരിക്കുന്ന ഭാഗം പൂര്‍ത്തിയായപ്പോള്‍ അയാള്‍ ഇറങ്ങിവന്നു. അയാള്‍ക്ക് ഹിന്ദി അറിയാമായിരുന്നത് ഭാഗ്യമായി. അയാള്‍ തന്നെയായിരുന്നു ആ കൃഷിയിടത്തിന്റെ ഉടമ. ആ ഭാഗത്ത് അയാള്‍ക്ക് 25 ഏക്കറോളം ഭൂമിയുണ്ടെന്നും നെല്ല് കൊയ്ത് കഴിഞ്ഞപ്പോള്‍ അടുത്ത വിളയായ ബാര്‍ലി കൃഷി ചെയ്യാനാണ് വയല്‍ പാകപ്പെടുത്തുന്നതെന്നും പറഞ്ഞു.
അമര്‍സിങ് എന്ന ആ ചെറുപ്പക്കാരന്റെയും അയാളുടെ ട്രാക്ടറിന്റെയും കൂടെനിന്ന് ഫോട്ടോകളെടുത്ത് യാത്രപറഞ്ഞു.
''25 ഏക്കര്‍ കൃഷിയിടം! ആളൊരു ജന്‍മി തന്നെയായിരിക്കും അല്ലേ!''. നടക്കുമ്പോള്‍ ചിന്തച്ചേച്ചി ആത്മഗതം പറഞ്ഞു.
''എവിടുന്ന്! അദ്ദേഹമൊക്കെ ഇവിടുത്തെ സാധാരണ കര്‍ഷകനാവും''.
അത് കേട്ട് ജീവന്‍ മാഷ് പറഞ്ഞു. ''ഇവിടുത്തെ നിലയില്‍ ഒരാളെ ജന്മി എന്നൊക്കെ വിളിക്കാന്‍ 200 ഏക്കറെങ്കിലും വേണ്ടി വരും. കാരണം ഇവിടുത്തെ ഒരു കര്‍ഷകന്റെ ശരാശരി ഭൂ ഉടമസ്ഥത എന്നത് 3.95 ഹെക്ടര്‍ ആണെന്നാണ് കണക്കുകള്‍. അതായത് ഏതാണ്ട് 10 ഏക്കറോളം. അപ്പോള്‍ 25ഏക്കറൊന്നും അത്ര കൂടുതലല്ല എന്ന് മനസിലായില്ലേ?... കേരളത്തില്‍ കര്‍ഷകരുടെ കാര്യമെടുത്താന്‍ ശരാശരി അറുപത് സെന്റ് മാത്രമാണ് കണക്ക്. അപ്പോള്‍ വ്യത്യാസം മനസിലായല്ലോ''.
''നമ്മുടെ കേരളത്തില്‍ അറുപത് സെന്റും ഇവിടുത്തേക്ക് പത്തേക്കറും. ഹോ വലിയ വ്യത്യാസം തന്നെ'' ആഷ്‌ലിയ്ക്ക് അതിശയം അടക്കാനായില്ല.
മാഷ് നടപ്പു നിര്‍ത്തി. ഒറ്റപ്പെട്ട് നിന്നിരുന്ന ഒരു പുളിമരച്ചോട്ടിലേക്ക് ഞങ്ങള്‍ മാറി നിന്നു. വെയില്‍ ചെറുതായി ചൂടായിത്തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."