ഭക്ഷ്യ സുരക്ഷാ വകുപ്പ് റീജ്യനല്‍ ലബോറട്ടറി ദേശീയ നിലവാരത്തിലേക്ക്
കോഴിക്കോട്: സമഗ്ര മാറ്റത്തിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ നടപടികളുമായി വകുപ്പ്. ലാബുകളുടെ നവീകരണം, ഉദ്യോഗസ്ഥന്മാരുടെ കുറവ് പരിഹരിക്കല്‍, പുതിയ മിനി ലാബുകള്‍ ആരംഭിക്കുക തുടങ്ങിയ നടപടികളിലൂടെ സമഗ്രമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 8.05 കോടി രൂപ അനുവദിച്ചു. ഭക്ഷ്യ വസ്തുക്കളിലെ വിഷാംശത്തിന്റെ അളവ് പരിശോധിക്കുന്നതിന് കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന റീജിനല്‍ അനലിറ്റിക്കല്‍ ലബോറട്ടറി നിലവില്‍ അഞ്ചു ജില്ലകള്‍ക്കുള്ള റീജ്യനല്‍ ലബോറട്ടറിയാണ്.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് കോഴിക്കോട് ലാബിന്റെ പരുതിയില്‍പ്പെടുന്നത്. ഏറ്റവും സൂക്ഷ്മമായി വിഷാംശവും മായവും കണ്ടെത്തുന്ന തരത്തിലുള്ള മാതൃകാ സ്ഥാപനമായി കോഴിക്കോട്ടെ റീജിനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ലാബിന്റെ സേവനം കൂടൂതല്‍ കാര്യക്ഷമമാക്കി മാറ്റാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
പച്ചക്കറികളിലെയും പായ്ക്കറ്റ് ഭക്ഷ്യ പദാര്‍ഥങ്ങളിലെയും പഴവര്‍ഗങ്ങളിലേതും ഉള്‍പ്പെടെ എല്ലാതരം മായവും വിഷാംശവും തിരിച്ചറിയാന്‍ ഉതകുന്ന ഉപകരണങ്ങള്‍ കോഴിക്കോട്ടെ ലാബിലെത്തിക്കും. ഗ്യാസ് ക്രോമറ്റോ ഗ്രാഫ്, ലിക്വിഡ് ക്രോമറ്റോ ഗ്രാഫ്, മാസ് സ്‌പെക്ടോ മീറ്റര്‍, ഇന്‍ടലക്ടീവ് കപ്പിള്‍ഡ് മാസ് സ്‌പെക്ട്രോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് പുതുതായി കോഴിക്കോട്ടെ റീജിനല്‍ അനലറ്റിക്കല്‍ ലാബില്‍ സ്ഥാപിക്കുക. ഇതോടെ ഭക്ഷ്യ വസ്തുക്കളുടെ മായം കണ്ടെത്തുന്ന ലാബുകളുടെ കൂട്ടത്തിലേക്ക് കോഴിക്കോട്ടെ റീജിനല്‍ അനലറ്റിക്കല്‍ ലാബും ഉയര്‍ത്തപ്പെടും.
നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടിയുടെ (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷന്‍ ഇതോടെ കോഴിക്കോട്ടെ ലാബിന് ലഭിക്കും. ഭക്ഷ്യ വസ്തുക്കളിലെ മായവും വിഷാംശവും കണ്ടെത്തുന്നതിന് കാര്യക്ഷമമായ ഇടപെടലുകളാണ് വരാനിരിക്കുന്നത്. കോഴിക്കോട്ടെയും എറണാകുളത്തെയും തിരുവനന്തപുരത്തേയും റീജിനല്‍ അനലറ്റിക്കല്‍ ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതൊടൊപ്പം ജില്ലാ അടിസ്ഥാനത്തില്‍ മിനി ലാബുകള്‍ നിര്‍മിക്കാനും വകുപ്പ് പദ്ധതിയിടുന്നു.
സംസ്ഥാനത്തെ 14 ജില്ലകള്‍ക്കുമായി രണ്ടു സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുകളാണുള്ളത്. പ്രാഥമിക പരിശോധനയ്ക്കാണ് സഞ്ചരിക്കുന്ന ലാബ് ഉപയോഗിക്കുന്നത്.
പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമെങ്കില്‍ പിന്നീട് ലാബിലേക്കു മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും. ഇതിനായി 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. ഇപ്പോള്‍ 90 നിയോജക മണ്ഡലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ചാര്‍ജെടുത്തു കഴിഞ്ഞു.
ആവശ്യത്തിന് വാഹന സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കും. ആവശ്യത്തിന് ജീവനക്കാരോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനമെന്നായിരുന്നു പരാതി. ഇത് ഗൗരവത്തിലെടുത്താണ് വകുപ്പിനെ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തല നടപടി ആരംഭിച്ചിരിക്കുന്നത്. മെയ് മാസത്തോടെ ജില്ലാ അതിര്‍ത്തികളിലും ചെക്ക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന നടത്താനാണ് വരും ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."