'നീറ്റ്' സെപ്റ്റംബര്‍ 13ന്: കരുതലോടെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പ്രവേശനപരീക്ഷയ്ക്ക് സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്കും കണ്ടെയ്ന്‍മെന്റ്- ഹോട്‌സ്‌പോട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അണുവിമുക്തമാക്കിയ പ്രത്യേക സ്ഥലത്താണ് പരീക്ഷ (റെഡ് ചാനല്‍) നടത്തേണ്ടത്. ഇതിനായി പ്രത്യേകം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇവര്‍ക്കായി പ്രത്യേകം ശുചിമുറികളും സജ്ജീകരിക്കണം.
പരീക്ഷാ കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് ആരോഗ്യവകുപ്പിനെയും വിദ്യാര്‍ഥികളെയും ബന്ധപ്പെട്ട അധികാരികളെയും നേരത്തെ അറിയിക്കണം. പരീക്ഷയ്ക്ക് മുന്‍പും ശേഷവും പരീക്ഷാമുറികള്‍ അണുവിമുക്തമാക്കണം.
ഓരോ പരീക്ഷാകേന്ദ്രവും അവിടുത്തെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മൈക്രോ പ്ലാന്‍ (വിദ്യാര്‍ഥികളുടെ എണ്ണം, സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ എണ്ണം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവരുടെ എണ്ണം, ക്ലാസ് മുറികളുടെ എണ്ണം, സീറ്റ് ക്രമീകരണം) തയാറാക്കണം. ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലം ഉറപ്പാക്കണം. പരീക്ഷാ കേന്ദ്രത്തിനകത്തും പുറത്തും കൂട്ടംകൂടാന്‍ പാടില്ല. വിദ്യാര്‍ഥികളോടൊപ്പമെത്തുന്ന രക്ഷിതാക്കള്‍ പരീക്ഷാകേന്ദ്രത്തിലും സമീപത്തും തിരക്കുണ്ടാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്മുറികളിലാവണം പരീക്ഷ നടത്തേണ്ടത്. ഒരു കാരണവശാലും എ.സി റൂമില്‍ പരീക്ഷ നടത്തരുത്. പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാവരും തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാകണം.
വിദ്യാര്‍ഥികള്‍ കൈകള്‍ വൃത്തിയാക്കുകയും ശാരീരികഅകലം പാലിക്കുകയും വേണം. രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരീക്ഷാസൗകര്യം ഒരുക്കണം. പരീക്ഷയ്ക്ക് ശേഷം ഈ വിദ്യാര്‍ഥികള്‍ ദിശയുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പരീക്ഷയ്ക്ക് മുന്‍പായി ആവശ്യമായ പരീശീലനങ്ങളും നിര്‍ദേശങ്ങളും നല്‍കും. ഇന്‍വിജിലേറ്റര്‍മാരെല്ലാം ട്രിപ്പിള്‍ ലെയര്‍ മാസ്‌കും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കണം.
വിദ്യാര്‍ഥികള്‍ തമ്മില്‍ യാതൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ല. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസ് പ്രത്യേകം തയാറാക്കിയ പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിക്കണം. ഇന്‍വിജിലേറ്റര്‍ ഇത് സീല്‍ ചെയ്ത് മൂല്യനിര്‍ണയ ക്യാംപിലേക്ക് അയയ്ക്കണം. ഏഴ് ദിവസത്തിനുശേഷം മാത്രമേ മൂല്യനിര്‍ണയം നടത്താവൂവെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."