HOME
DETAILS
MAL
സൈബര്‍ ആക്രമണം: മുഖ്യമന്ത്രിയോട് ഒറ്റച്ചോദ്യം; എഴുതിക്കൊണ്ടുവന്നത് വായിച്ച് 17 മിനുട്ട് മറുപടി
backup
August 13 2020 | 01:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് വാര്‍ത്താ സമ്മേളനം തീര്‍ത്തും വ്യത്യസ്തമായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചതിന് സി.പി.എം അനുകൂല സൈബര്‍ പ്രൊഫൈലുകളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മറ്റു പാര്‍ട്ടിക്കാരുടെ വ്യക്തിഹത്യയെക്കുറിച്ചും മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ദീര്‍ഘമായ മറുപടിയാണ് മുഖ്യമന്ത്രി നടത്തിയത്.
സാധാരണ കൊവിഡ് അവലോകന യോഗത്തിനു ശേഷം ഇരുപതു മിനിട്ടോളം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചോദ്യങ്ങള്‍ ചോദിച്ചതിന് ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഇന്നലെയാകട്ടെ കൊവിഡ് കണക്കുകളും മറ്റും വ്യക്തമാക്കിയതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു നിര്‍ദേശം കിട്ടിയതു പോലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആദ്യ ചോദ്യം ഉന്നയിച്ചു. അതിന് ഉത്തരം നീണ്ടത് 17 മിനുട്ട്. 7 മണിക്ക് കൃത്യം വാര്‍ത്താസമ്മേളനം നിര്‍ത്തുകയും ചെയ്തു.എല്ലാത്തരം സൈബര്‍ ആക്രമണങ്ങളും ഗൗരവതരമാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. പക്ഷേ അദ്ദേഹം എണ്ണിപ്പറഞ്ഞത് മുഴുവന്‍ എതിരാളികളുടെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചു മാത്രം. ഇതിനൊന്നുമെതിരെ മാധ്യമങ്ങള്‍ പ്രതികരിച്ചില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കു നേരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.
എഴുത്തുകാരായ കെ.ആര്‍ മീരയെയും ബെന്യാമിനെയും കോണ്‍ഗ്രസിന്റെ സൈബര്‍ അണികള്‍ ആക്രമിച്ചില്ലേ എന്നു മുഖ്യമന്ത്രി ചോദിച്ചു. ഫേസ്ബുക്കില്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തിയതിനാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു വനിത കേസ് നല്‍കിയത്. മറ്റൊരു യുവനേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ ആള്‍ ന്യായീകരിക്കാനായി ഇറങ്ങി ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും അസഭ്യം പറഞ്ഞില്ലേ? സ്ത്രീകളെ അടക്കം അസഭ്യം പറഞ്ഞില്ലേ? ഹനാന്‍ എന്ന പെണ്‍കുട്ടി അതിഭീകരമായ തെറിവിളികള്‍ക്ക് വിധേയമായത് പ്രതിപക്ഷനേതാവിനെ വിമര്‍ശിച്ചതിനാണ്. സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലും പുറത്തും വേട്ടയാടാന്‍ ശ്രമം നടന്നില്ലേ? ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ഇടത്തേക്ക് മാര്‍ച്ച് നടത്തിയില്ലേ? ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചില്ലേ? പ്രതിപക്ഷത്തെ വിമര്‍ശിച്ചെന്നതായിരുന്നു ഇതിനൊക്കെ കാരണം.
എന്താണ് മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ എന്നു ചോദിച്ച മുഖ്യമന്ത്രി വിവധ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും പറഞ്ഞു. എത്ര മാധ്യമങ്ങളാണ് അതിനെതിരേ പ്രതിഷേധിച്ചത്? ഏതുകൂട്ടരാണ് ചര്‍ച്ച നടത്തിയത്? ഇതില്‍ ഇരട്ടത്താപ്പിന്റെ വശമുണ്ട്. അസഭ്യവര്‍ഷത്തില്‍ പൂണ്ടുവിളയാടുന്നവരാണ് പ്രതിപക്ഷ നേതാവും സംഘവും. സ്വന്തം എം.എല്‍.എമാരോടെങ്കിലും ഈ അസഭ്യവര്‍ഷം നിര്‍ത്താന്‍ പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും പറഞ്ഞതോടെ സമയം ഏഴുമണി. മറു ചോദ്യങ്ങള്‍ക്ക് കാക്കാതെ മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."