ചാലക്കുടി ഫയര്‍ഫോഴ്‌സിന്റേത് പരിമിതികള്‍ മറികടന്നുള്ള പ്രവര്‍ത്തനം
ചാലക്കുടി: പരാധീനതകളും പരിമിതികളും മറികടന്ന് ചാലക്കുടി ഫയര്‍ഫോഴ്‌സ് നടത്തുന്നത് മിന്നുന്ന പ്രകടനം. ചാലക്കുടി ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ സി.ഒ ജോയിയുടെ നേതൃത്വത്തിലുള്ള ടീമാണ് ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്.
കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ 128 കേസുകളാണ് ഇവര്‍ പരിഹരിച്ചത്. ഇതില്‍ തീപിടിത്തവും വാഹനാപകടങ്ങളും കിണറുകളിലും കുളങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തിയതും ഉള്‍പ്പെടും.
കളിക്കുന്നതിനിടെ കിണറ്റില്‍ വീണ ബാലികയേയും കുട്ടിയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റിലേക്കു വീണ ഗര്‍ഭിണിയായ അമ്മയേയും രക്ഷിച്ച സംഭവവും ഉണ്ട്. പ്രളയകാലത്ത് ഈ ടീം ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
പരാധീനതകളേറെയുണ്ടെങ്കിലും പരാതി പറയാനൊന്നും ഇവരില്ല. ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനം. ശോചനീയമായ ടോയ്‌ലറ്റും മറ്റ് അസൗകര്യങ്ങളും ഇവിടത്തെ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
കാലപഴക്കം ചെന്ന രണ്ട് വാട്ടര്‍ ടെണ്ടറാണ് ഈ സേനക്കുള്ളത്. ഇതിന് പുറമെ ഒരു ജീപ്പും ഒരു ആംബുലന്‍സുമുണ്ട്. 2004 മോഡല്‍ വാട്ടര്‍ടെണ്ടറിനു പകരം പുതിയതു നല്‍കണമെന്ന ആവശ്യം അധികൃതര്‍ ഇതുവരേയും പരിഗണിച്ചിട്ടില്ല.
പുതിയതായി ലഭിച്ച ആംബുലന്‍സ് കയറ്റിയിടാന്‍ ഷെഡില്ലാത്തതിനെ തുടര്‍ന്ന് വെയിലത്താണ് പാര്‍ക്ക് ചെയ്തിട്ടുള്ളത്. ആംബുലന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഷെഡ് ഉടന്‍ നിര്‍മിച്ചു നല്‍കുമെന്ന നഗരസഭാ അധികൃതരുടെ വാക്കും പാലിക്കപ്പെട്ടിട്ടില്ല. വാഹനങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യമില്ലാത്തതാണ് ചാലക്കുടിയിലേക്ക് പുതിയ വാഹനങ്ങള്‍ അനുവദിക്കാന്‍ തടസമാകുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
വെള്ളം ശേഖരിക്കാന്‍ റോഡുകളില്‍ പണ്ട് ഉണ്ടായിരുന്ന ഹൈഡ്രന്റുകള്‍ ഇപ്പോള്‍ ഇല്ലാതായത് ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായി വെള്ളം ശേഖരിക്കാവുന്ന ഇത്തരം പോയിന്റുകള്‍ ഇല്ലാതായതാണ് ഇവര്‍ക്ക് വിനയായത്. ഇത് പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. 38 ജീവനക്കാര്‍ വേണ്ടിടത്ത് ഇവിടെ 29 പേര്‍ മാത്രമേയുള്ളൂ. ചാലക്കുടി പോലുള്ള മേഖലയില്‍ ജീവനക്കാരുടെ കുറവ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. മലയോര മേഖലയായ അതിരപ്പിള്ളി, മലക്കപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചാലക്കുടി ഫയര്‍ഫോഴ്‌സിനെയാണ് ആശ്രയിക്കുന്നത്. പരിമിതികള്‍ ഏറെയുണ്ടെങ്കിലും സേവനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഇവിടത്തെ ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."