ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചതിനാല്‍: പ്രഗ്യാസിങ്
ന്യൂഡല്‍ഹി: മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടെന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പ്രഗ്യാസിങ് താക്കൂര്‍. ഭോപ്പാലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിങ്ങള്‍ തകര്‍ക്കപ്പെടുമെന്ന് ഞാനയാളോട് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ അത് സംഭവിച്ചു. തെളിവൊന്നുമില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ അന്വേഷണസംഘം കര്‍ക്കറെയോട് പറഞ്ഞിരുന്നു. എന്നാല്‍, പ്രഗ്യാസിങ്ങിനെതിരേ തെളിവുകിട്ടാന്‍ എന്തും ചെയ്യുമെന്നായിരുന്നു കര്‍ക്കറെയുടെ മറുപടി. അങ്ങനെയൊരു താല്‍പര്യമുണ്ടെങ്കില്‍ താങ്കള്‍ പോകുമെന്ന് ഞാന്‍ പറഞ്ഞു. അതിനുപിന്നാലെയാണ് കൊല്ലപ്പെടുന്നത്. കര്‍ക്കറെ രാജ്യത്തിനും മതത്തിനും എതിരായിരുന്നു. തന്നെ അറസ്റ്റ് ചെയ്തതോടെ കര്‍ക്കറെയുടെ ശകുനം മോശമായി. അദ്ദേഹത്തിന്റെ മരണത്തിലാണത് കലാശിച്ചതെന്നും പ്രഗ്യാസിങ് പറഞ്ഞു.
മലേഗാവ് സ്‌ഫോടനത്തില്‍ പ്രഗ്യാസിങ് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള പങ്ക് പുറത്തുകൊണ്ടുവരികയും അറസ്റ്റ് ചെയ്യുകയും ചെയ്ത കര്‍ക്കറെ 2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തിനിടെയാണ് കൊല്ലപ്പെടുന്നത്. മലേഗാവ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട പ്രഗ്യാസിങ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.അതേസമയം, ഹേമന്ദ് കര്‍ക്കറെയെ അപമാനിച്ച പ്രസ്താവന പ്രഗ്യാസിങ് താക്കൂര്‍ പിന്‍വലിച്ചു. കര്‍ക്കറെയെപ്പറ്റി പ്രഗ്യാസിങ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് ബി.ജെ.പി വിശദീകരിച്ചതിന് പിന്നാലെയാണ് നിലപാടുമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."